ഇടതുബദലിന്റെ നിതാന്ത ജാഗ്രത; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് പുരോഗമന കലാസാഹിത്യ സംഘം
തിരുവനന്തപുരം > പുതിയ പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് (118 എ.) നടപ്പാക്കേണ്ടതില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പൗരാവകാശങ്ങള്‍ക്കും ജനങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഏതെങ്കിലും നിലക്ക് ദോഷകരമാവുമോ എന്ന സംശയം ഉയര്‍ന്ന ഉടനെത്തന്നെ ഭേദഗതി നിയമം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ജനാധിപത്യത്തിനും മതേതര മാനവമൂല്യങ്ങള്‍ക്കും വേണ്ടിയുള്ള കേരളത്തിലെ ഇടതുപക്ഷ ബദലിന്റെ നിതാന്ത ജാഗ്രതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഭേദഗതി ഓര്‍ഡിനന്‍സ് പുറത്തു വന്ന ഘട്ടത്തില്‍ തന്നെ അതിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും ക്രിയാത്മക നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിയമം കൊണ്ടുവരുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇന്റര്‍നെറ്റ് മനുഷ്യന്റെ സാമൂഹ്യമുന്നേറ്റത്തിലെ വലിയ കുതിപ്പാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ സാങ്കേതികവിദ്യ ഇന്ന് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നിയന്ത്രണത്തില്‍ ആകയാല്‍ അതിന്റെ മികവ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മാത്രമല്ല ലഭിക്കുന്നത്. കൊള്ളക്കും തട്ടിപ്പിനും കൊലക്കും ചൂഷണത്തിനും അത് ഉപകരണമാവുന്നു. ഈയൊരു നവമാധ്യമത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികള്‍ക്ക് വിശേഷിച്ചും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ഭീകരമായ ആക്രമണങ്ങളുണ്ടാകുന്നു.
ഇതിനെ പ്രതിരോധിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനമായ ഉത്തരവാദിത്തമാണ്. അക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമല്ല എന്നു തെളിഞ്ഞിട്ടുണ്ട്. ഇരയാവുന്ന മനുഷ്യര്‍ക്ക് പുതിയ നിയമത്തിന്റെ പിന്‍ബലം ആവശ്യമാണ്. പക്ഷേ നിയമം നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ ആശയ പ്രകാശന സ്വാതന്ത്ര്യത്തെ ഒരു നിലക്കും അത് ബാധിക്കാന്‍ പാടില്ല. അത്തരമൊരു കരുതലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും ശക്തിയുമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.- പ്രസിഡന്റ് ഷാജി എന്‍ കരുണും സെക്രട്ടറി അശോകന് ചരുവിലും പ്രസ്താവനയില്‍ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3nRBEaS
Comments