ഡൽഹി പൊലീസിനെ പൊരിച്ച് കോടതി; ഉത്തരംമുട്ടി പൊലീസ്
ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ആളുകളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ അഴുക്കുചാലിലേക്ക് വലിച്ചെറിയുന്നത് കണ്ടെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസിനോട് കോടതി. തുണിക്കച്ചവടക്കാരനായ നിസാർ അഹമ്മദിന്റെ പരാതിയിൽ മാസങ്ങൾ ആയിട്ടും കേസെടുക്കാതിരുന്ന ഡൽഹി പൊലീസിനെ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് രാകേഷ്കുമാർ രാംപുരി വിമർശിച്ചു. നിസാറിന്റെ പരാതിയിൽ അഞ്ച് ദിവസത്തിനകം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും കോടതി നിർദേശംനൽകി.
ഉത്തരംമുട്ടി പൊലീസ്D
നിസാറിന്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ആസ് മുഹമ്മദ് എന്നൊരാൾ നൽകിയ മോഷണപരാതിയും നിസാറിന്റെ പരാതിയും ഒന്നിപ്പിച്ചു. നിസാറിന്റെ പരാതി വ്യാജമാണന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രത്യേകം കേസെടുക്കാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ആശിഷ്ഗാർഗ് അവകാശപ്പെട്ടു. അന്വേഷണം നടത്താതെ എങ്ങനെയാണ് പരാതി വ്യാജമെന്ന നിഗമനത്തിൽ എത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസിന് മറുപടി ഉണ്ടായില്ല.
വെട്ടിയും കുത്തിയും കൊന്നു; മൃതദേഹങ്ങൾ ഓവുചാലിലിട്ടു
ഫെബ്രുവരി 24ന് ഭാഗീരഥിവിഹാറിൽ വലിയ അക്രമസംഭവങ്ങൾക്ക് സാക്ഷിയായെന്ന് അഭിഭാഷകൻ എം ആർ ഷംസാദ് മുഖേന നിസാർ അഹമ്മദ് കോടതിയെ അറിയിച്ചു. അഞ്ഞൂറിലേറെപേർ ഒത്തുകൂടി ആളുകളെ വകവരുത്തണമെന്ന് മൈക്കിലൂടെ ആക്രോശിച്ചു.
ബിജെപി കൗൺസിലർ കനയ്യാലാൽ വിദ്വേഷപ്രസംഗങ്ങൾ നടത്തി. അക്രമികൾ വഴിപോക്കരെ തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് മതം അറിയാൻ ദേഹപരിശോധനകൾ തുടങ്ങി. മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീകളെയടക്കം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു–- നിസാർ അഹമ്മദ് പരാതിയിൽപറഞ്ഞു. മാർച്ച് മൂന്നിന് ഗോകുൽപുരി സ്റ്റേഷനിലാണ് നിസാർ പരാതി നൽകിയത്. മാസങ്ങൾ പിന്നിട്ടിട്ടും നടപടി കാണാത്തതിനാൽ ജൂലൈയിൽ കോടതിയെ സമീപിച്ചു.
Credits National || Deshabhimani Online News https://ift.tt/36lwltx
Comments