വേൽമുരുകൻ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി; അറസ്റ്റിന് സഹായിക്കുന്നവർക്ക് തമിഴ്നാട് പ്രഖ്യാപിച്ചത് രണ്ടു ലക്ഷം
കൽപ്പറ്റ > വയനാട്ടിൽ മാവോയിസ്റ്റ്–- തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി വേൽമുരുകൻ ഒഡിഷയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരനെ കൊലപ്പെടുത്തുകയും ആയുധങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതി. 2004ൽ ഒഡിഷയിലെ കോരാപുട്ട് സ്റ്റേഷൻ ആക്രമിച്ച വേൽമുരുകന്റെ നേതൃത്വത്തിലുള്ള സംഘം വൻതോതിൽ ആയുധങ്ങൾ കവർന്നു. സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കേസിൽ വേൽമുരുകൻ ഒന്നാം പ്രതിയാണ്.
2007ൽ തമിഴ്നാട് തേനി പെരിയകുളത്ത് ആയുധപരിശീലനം നടത്തിയ കേസിൽ അറസ്റ്റിലായി. 2011 ഫെബ്രുവരി 15ന് ജാമ്യം നേടി ഒളിവിൽപോയി. വേൽമുരുകനെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് തമിഴ്നാട് സർക്കാർ രണ്ടുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിൽ ഏഴ് കേസുകളും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ രണ്ടുവീതവും കേസുകളുണ്ട്. എല്ലാ കേസുകളും യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്തതാണ്.
അന്വേഷണം ക്രൈംബ്രാഞ്ചിന്
വയനാട്ടിലെ മാവോയിസ്റ്റ്–-തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതായി വയനാട് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഏറ്റുമുട്ടലുണ്ടായ ബാണാസുര വനമേഖലയിലെ പ്രദേശം ബുധനാഴ്ച അന്വേഷണ സംഘം പരിശോധിച്ചു. ബാലിസ്റ്റിക് വിദഗ്ധരും പരിശോധന നടത്തി.
ബാണാസുര വനമേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി. ആയുധധാരികളായ ആറംഗ സംഘമാണ് തണ്ടര്ബോള്ട്ടിനുനേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ തമിഴ്നാട് തേനി സ്വദേശി വേല്മുരുകന് മരിച്ചു. മറ്റുള്ളവർ രക്ഷപ്പെട്ടിരുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം വനമേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാണ്. രക്ഷപ്പെട്ടവർ ചികിത്സ തേടാൻ സാധ്യതയുള്ളതിനാൽ സമീപ ജില്ലകളിലും കോയമ്പത്തൂർ, നീലഗിരി, മൈസൂരു ജില്ലാധികൃതർക്കും വിവരം കൈമാറിയിട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്തുനിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3p78Eh4
Comments