ജയൻ രാജുവിന് ജീവന്റെ വിലയുള്ള ഓർമ
ചിറയിൻകീഴ്
തലമുറകളെ ഹരംകൊള്ളിച്ച നടൻ ജയന്റെ 40–-ാം ചരമവാർഷികമാണ് തിങ്കളാഴ്ച. സിനിമയിലെ ജയനെക്കുറിച്ച് കേട്ടിട്ടുള്ള കഥകൾക്കപ്പുറം ജീവിതത്തിലെ ജയനെക്കുറിച്ച് അധികമാരും ഓർത്തിരിക്കാൻ സാധ്യതയില്ലാത്ത ഒരു സംഭവത്തിന്റെ ഓർമകളാണ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ജയൻഭവനിൽ രാജുവും കുടുംബവും സൂക്ഷിക്കുന്നത്. ഈ കുടുംബത്തിന് ജയൻ ഒരു സിനിമാ നടൻ അല്ല, മറിച്ച് തങ്ങളുടെ ജീവൻ രക്ഷിച്ച ധീരനാണ്.
1978ൽ നടന്ന സംഭവമാണ്. അഴൂരിൽ ‘കന്യക' സിനിമയുടെ ചിത്രീകരണം നടക്കുന്നു. ജയൻ സൈക്കിളിൽ സംഘട്ടനം നടത്തുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. അഴൂർ മാടൻവിളയിൽ കയർ പിരിക്കാനായി രാജുവും അമ്മയും ഉൾപ്പെട്ട 28 അംഗ സംഘം കടത്തുവള്ളത്തിൽ കയറി യാത്ര ചെയ്യുകയായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോൾ വള്ളം മുങ്ങി. രാജുവും അമ്മ ജാനുവും അമ്മയുടെ സഹോദരി ലക്ഷ്മിയും ഉൾപ്പെടെ എല്ലാവരും വെള്ളത്തിലേക്ക് വീണു. കൂട്ടനിലവിളി കേട്ട് ജയൻ ഷൂട്ടിങ് നിർത്തിവച്ച് കായലിലേക്ക് ചാടി. രാജുവിനെയും അമ്മയെയും ഉൾപ്പെടെ പത്തുപേരെ ജയൻ ഒറ്റയ്ക്ക് രക്ഷപ്പെടുത്തി.
ബാക്കിയുള്ളവരെ നാട്ടുകാരും രക്ഷപ്പെടുത്തി. അന്ന് രാജുവിന് പതിനൊന്ന് വയസ്സായിരുന്നു. എല്ലാം ഇന്നലെ നടന്നതുപോലെ ഓർമയിൽ സൂക്ഷിക്കുകയാണ് രാജു. ജയനോടുള്ള കടപ്പാടിന്റെ ഭാഗമായി വീടിന് ‘ജയൻ ഭവൻ’ എന്ന് പേര് നൽകി. തിരുവനന്തപുരത്ത് ക്ലീനിങ് തൊഴിലാളിയായ രാജു അഴൂരിൽനിന്ന് തിരുവനന്തപുരംവരെയും തിരിച്ചും സൈക്കിളിൽ യാത്ര ചെയ്യുന്നതും ജയനോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്.
എല്ലാ നവംബർ 16നും അഴൂർ മുട്ടപ്പലം ജയൻ സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നാൽപ്പതോളം പേർക്ക് ലോട്ടറി ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/3f3I5Vl
Comments