കോവിഡ്‌കാലത്തെ ‘സഹകരണം’ ലോകത്തിന്‌ മാതൃക: കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം
കോവിഡ് പ്രതിരോധത്തിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നടപടികൾ ലോകത്തിന് മാതൃകയാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അടച്ചുപൂട്ടൽകാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, അവ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിനായി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്കും പ്രാഥമിക സംഘങ്ങളും ജനങ്ങളുടെ വായ്പാ ആവശ്യങ്ങൾ ഏറ്റെടുത്തു. ഒരു തടസ്സവുമില്ലാതെ സഹകരണ ബാങ്കിങ് മേഖല പ്രവർത്തിച്ചു. വീട്ടുപടിക്കൽപോലും ബാങ്കിങ് സംവിധാനമെത്തി. ഏഴുതവണയായി 3200 കോടി രൂപ ക്ഷേമ പെൻഷൻ വിതരണം ഏറ്റെടുത്തു.

സമാനതകളില്ലാത്ത രീതികളിലാണ് കേരളം കോവിഡിനെ നേരിടുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ മുടക്കമില്ലെന്ന് ഉറപ്പുവരുത്തി. മികച്ച സൗജന്യ ചികിത്സ ലഭ്യമാക്കി. ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തിക്കാൻ വിവിധ ക്ഷേമ നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്തെ ജനജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക് വളർന്ന സഹകരണ മേഖലയും പ്രതിരോധത്തിലും ആശ്വാസമെത്തിക്കുന്നതിലും സ്തുത്യർഹമായ ഇടപെടൽ നടത്തി. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിയെ സർക്കാർ സാധ്യമായ മേഖലയിലെല്ലാം ഉപയോഗിച്ചു. ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ച് സമയബന്ധിതമായി മഹാമാരിയെ നേരിടാനുള്ള പ്രയത്നങ്ങൾ നയിച്ചു.സഹകരണ മേഖലയുടെ ശക്തിയായ ജനോപകാര പദ്ധതികൾ ജനങ്ങൾക്ക് വലിയ ആശ്വാസമേകി. സഹകരണ ബാങ്കിങ്, ഇതര സേവനങ്ങൾ കഠിനകാലത്ത് ജനങ്ങൾക്ക് ആശ്രയമായി.

മുഖ്യമന്ത്രിയുടെ കൈസഹായ വായ്പാ പദ്ധതിയിൽ കുടുംബശ്രീ സഹകരണത്തോടെ 2000 കോടി രൂപ വിതരണം ചെയ്തു. കൺസ്യൂമർഫെഡ് ഭക്ഷ്യവസ്തുക്കളുടെയും മരുന്നിന്റെയും വിതരണം ഉറപ്പാക്കി. മത്സ്യഫെഡ് സംസ്ഥാനത്താകെ മത്സ്യവിതരണ ശൃംഖലയുണ്ടാക്കി. പാചകവാതക വിതരണത്തിലടക്കം സഹകരണ മേഖല ഇടപെട്ടു. തൊഴിൽ ലഭ്യമാക്കുന്നതിൽ പ്രാഥമിക സംഘങ്ങളും അപ്പെക്സ് സംഘങ്ങളും മത്സരബുദ്ധിയോടെ പ്രവർത്തിച്ചു. 17,000 പുതിയ തൊഴിലവസരം സൃഷ്ടിച്ചു. ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്. കാർഷികോൽപ്പാദന വർധനവിലും വലിയ പങ്കാളിത്ത പ്രവർത്തനമാണ് നിർവഹിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

നാഷണൽ കോ–- ഓപ്പറേറ്റിവ് യൂണിയൻ ഓഫ് ഇന്ത്യ ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങിൽ, കടകംപള്ളിയുടെ പ്രഭാഷണത്തോടെയാണ് അഖിലേന്ത്യാ വാരാഘോഷ പരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടകനുപകരം കേരളത്തിലെ സഹകരണ മന്ത്രിയുടെ പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിക്കാൻ എൻസിയുഐ തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തിലും അതിജീവനത്തിലും കേരള സഹകരണ മേഖല വഹിക്കുന്ന പങ്കിനുള്ള അംഗീകാരമായാണ് സഹകരണ മന്ത്രിയെ പ്രഭാഷണത്തിന് ക്ഷണിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/36FOLVK

Comments

Archive

Contact Form

Send