കിഫ്‌ബി പദ്ധതികൾ മണ്ഡലത്തിൽ വേണ്ടെന്ന് പറയുമോ: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം> കിഫ്ബിയെ എതിർക്കുന്നവർക്ക് കിഫ്ബി പദ്ധതികൾ വേണ്ടെന്ന് അഭിപ്രായമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യമാണ് സർക്കാർ കണ്ടത്. അതുകൊണ്ടാണ് പദ്ധതികൾ സാർവത്രികമാക്കിയത്. എംഎൽഎ ആരെന്നല്ല നോക്കിയത്. ഒന്നും നടപ്പാക്കരുതെന്നാണ് അഭിപ്രായമെങ്കിൽ കിഫ്ബിയുടെ പദ്ധതികളൊന്നും മണ്ഡലത്തിൽ വേണ്ടെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുമോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
നാടിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചിലർ. ഒരു സംഘപരിവാർ നേതാവ് ഹർജി നൽകുന്നു. കെപിസിസി ഭാരവാഹി വാദിക്കുന്നു. നല്ല ഐക്യം. എന്തിനുവേണ്ടിയാണിത്. അതിനോട് നാട് യോജിക്കില്ല. ഇത്തരക്കാരെ വികസനവിരുദ്ധർ എന്നുമാത്രം വിശേഷിപ്പിച്ചാൽ പോരാ. നാട് നന്നാകുന്നതിൽ അസ്വസ്ഥരാകുന്ന അത്യന്തം ഹീനമായ മനസ്സാണ് ചുരുക്കം ചിലരിൽ ഉണ്ടാകുന്നത്.
വികസനപ്രവർത്തനങ്ങളെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് അനുകൂലിക്കുന്നതിൽ ചിലർക്ക് പ്രയാസമുണ്ട്. അത് എൽഡിഎഫ് സർക്കാരിന്റെ യശസ്സുയരുന്നത് തങ്ങൾക്ക് ദോഷമാണെന്ന് കരുതിയാണ്. നാടിന്റെ വികസനം ഉറപ്പാക്കലാണ് സർക്കാരിന്റെ ധർമം. അതിനുള്ള പ്രവർത്തനം ഏറ്റെടുക്കുമ്പോൾ സർക്കാരിന്റെ മെച്ചമാകുമെന്ന് കാണരുത്. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അതിൽ അങ്കലാപ്പില്ല. എന്നാൽ, രാഷ്ട്രീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് കരുതി നാടിന്റെ വികസനത്തെ അട്ടിമറിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിന്റെ മൊഴി സംബന്ധിച്ച് വിശദാംശം മനസ്സിലാക്കിയ ശേഷമേ പറയാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3pCBoyy
Comments