പാലക്കാട് 20 പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി, മതതീവ്രവാദ സഖ്യം
പാലക്കാട് > തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റത്തിൽ വിറളിപൂണ്ട യുഡിഎഫ്, ബിജെപിയും വെൽഫെയർ പാർടിയും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കിയത് വൻ ചർച്ചയ്ക്ക് സാഹചര്യമൊരുക്കി.
ജില്ലയിലെ 20 പഞ്ചായത്തുകളിലെ പകുതിയോളം വാർഡുകളിൽ ഈ സഖ്യം മത്സരിക്കുന്നു. ഇതിനുപുറമേ 395 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെയും സഹായിക്കുന്നു. മതനിരപേക്ഷതയും സമുദായ മൈത്രിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് അണികളിൽ പുതിയ സഖ്യം വലിയ ആശങ്ക സൃഷ്ടിച്ചു.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായും തീവ്രവാദ സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർടിയായ എസ്ഡിപിഐയുമായും കൂട്ടുകൂടുന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാടിൽ അണികളിൽ അമർഷം പുകയുന്നു. എന്നാൽ തിരിച്ചടിയുടെ തോത് കുറയ്ക്കാൻ അത്തരം കക്ഷികളുമായും സംഘടനകളുമായും കൂട്ടുകൂടുക മാത്രമേ പോംവഴിയുള്ള എന്ന നിലപാടിലാണ് കോൺഗ്രസും ലീഗും.
പുതുക്കോട് പഞ്ചായത്ത് ഒന്നാം വാർഡിൽ വെൽഫെയർ പാർടിയും വടക്കഞ്ചേരിയിലെ 11, 14 വാർഡുകളിൽ എസ്ഡിപിഐയുമായും കോൺഗ്രസ് സഖ്യത്തിലാണ്. മുതുതല പഞ്ചായത്തിൽ അഞ്ച് വാർഡിലാണ് യുഡിഎഫ്, വെൽഫെയർ പാർടി ധാരണ. കൊപ്പം പഞ്ചായത്തിൽ മുസ്ലിംലീഗിനെയാണ് വെൽഫെയർ പാർടി സഹായിക്കുന്നത്. പൂക്കോട്ടുകാവ് പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും നാല് വാർഡുകളിൽ പൊതുസ്ഥാനാർഥികൾ. ഇവർ തങ്ങളുടെ സ്ഥാനാർഥികളെന്ന് കാണിച്ച് ഇരുമുന്നണികളും പ്രചാരണ ബോർഡ് സ്ഥാപിച്ചതും സംസ്ഥാനതലത്തിൽ ചർച്ചയായി.
മണ്ണാർക്കാട്, ചിറ്റൂർ നഗരസഭകൾ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, പെരുമാട്ടി, പട്ടഞ്ചേരി, പട്ടിത്തറ, വെള്ളിനേഴി, എലവഞ്ചേരി, കൊപ്പം, കുമരംപുത്തുർ, മരുതറോഡ്, കണ്ണാടി, തരൂർ, കണ്ണമ്പ്ര, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ എന്നീ പഞ്ചായത്തുകളിലും ബിജെപിയുമായി പരസ്യസഖ്യത്തിലാണ് യുഡിഎഫ്.
ആകെ 88 പഞ്ചായത്തുകളിലെ 1,490 വാർഡുകളിൽ 395 ഇടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല. വിളയൂർ പഞ്ചായത്തിൽ 15ൽ ആറ് വാർഡിൽ മാത്രമാണ് ബിജെപി സ്ഥാനാർഥികളുള്ളത്. പൂക്കോട്ടുകാവ് പഞ്ചായത്തിൽ ബിജെപി നാല് വാർഡിലും കോൺഗ്രസ് ഏഴ് വാർഡിലും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. പട്ടാമ്പി നഗരസഭയിൽ 28ൽ 20 വാർഡിൽ മാത്രമാണ് ബിജെപി മത്സരിക്കുന്നത്.
കോങ്ങാട് പഞ്ചായത്ത് 16 –-ാം വാർഡിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണ്. കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിൽ അഞ്ച് വാർഡുകൾ വീതവും വടക്കഞ്ചേരിയിൽ ആറ് വാർഡിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ചിറ്റൂർ നഗരസഭയിൽ ഏഴ് വാർഡിലും ബിജെപി മത്സരിക്കുന്നില്ല.
Credits Kerala || Deshabhimani Online News https://ift.tt/2JsoXFj
Comments