സൈബര്‍ തട്ടിപ്പ്: ബാങ്ക് അക്കൗണ്ടില്‍നിന്ന് 20,25000 രൂപ കവര്‍ന്നു
തൃശൂര്‍> സൈബര്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 20,25000 രൂപ കവര്‍ന്നു. കനറാ ബാങ്ക് തൃശൂര്‍ വെസ്റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്തുകം എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എക്കൗണ്ടില്‍നിന്നും ശനിയാഴ്ച പുലര്‍ച്ചെ അഞ്ചമുതല്‍ അഞ്ചു തവണയായാണ് ഉടമയറിയാതെ പണം പിന്‍വലിച്ചത്.
സംഭവത്തില്‍ കമ്പനി ഉടമ പി കെ ശ്രീനിവാസന് ബാങ്കധികൃതര്‍ക്കും പൊലീസിലും പരാതി നല്കി. ആര്‍ക്കിടെക്ടായ ശ്രീനിവാസന് എഴുത്തുകാരി സാറാജോസഫിന്റെ മകള്‍ സംഗീതയുടെ ഭര്‍ത്താവാണ്.ശനിയാഴ്ച പുലര്‍ച്ചെ 5.08 നാണ് ആദ്യം 5,50,000 രൂപ പിന്‍വലിച്ചത്. 5.10ന് 4,50,000 രൂപ, 5.13ന് 200000, രാവിലെ 7.01ന് 4,25,000, 7.03ന് 400000 എന്നിങ്ങനെയാണ് പണം പിന്വലിച്ചിത്.എന്നാല്‍ ഇതുസംബന്ധിച്ച് മെസെജൊ അലര്‍ട്ടോ ലഭിച്ചില്ല. വ്യാജ ആധാര്‍കാര്‍ഡും സിമ്മും നിര്‍മ്മിച്ചാണ് പണം തട്ടിയെടുത്തത്.
ശ്രീനിവാസന്റെ പേരിലുള്ള ബിഎസ്എന്‍എല്‍ കണക്ഷന് പ്രവര്‍ത്തനരഹിതമായി. തുടര്‍ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് കിള്ളന്നൂര്‍ അന്പ് എന്ന വിലാസത്തില്‍ ശ്രീനിവാസന്റെ പേരിലുള്ള ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ച് ഫോട്ടോ മാറ്റി. ഈ ആധാര്‍ കാര്‍ഡുപയോഗിച്ച് ആലുവ ബിഎസ്എന്‍എല്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു.
ഈ സിം അനുവദിക്കുമ്പോള്‍ കൃത്യമായ പരിശോധനയുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. സിം നമ്പറില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗപ്പെടുത്തിയാണ് പണം പിന്‍വലിച്ചത്. ഡ്യൂപ്ലിക്കേറ്റ് സിം അനുവദിക്കുമ്പോള്‍ ജാഗ്രതയുണ്ടായിരുന്നുവെങ്കില് പണം നഷ്ടപ്പെടില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൂടുതല്‍ ഡിജിറ്റല്‍ ആകുമ്പോള്‍ പണവും സ്വകാര്യതയും അരക്ഷിതമാവുന്ന സ്ഥിതിയാണെന്നും ശ്രീനിവാസന് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Ksw9l5
Comments