കൊട്ടില്ലാതെ കലാശം ; 5 ജില്ല നാളെ ബൂത്തിലേക്ക്‌ ; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്‌ 24,584 സ്ഥാനാർഥികൾ


തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ചുജില്ലയിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമില്ലാതെ സമാപനം. പ്രചാരണത്തിന്റെ ആദ്യദിനങ്ങളിൽ നേടിയ മുൻതൂക്കം അവസാനനിമിഷവും നിലനിർത്തിയ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച അവസാന മണിക്കൂറിലെ പ്രചാരണത്തിലും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് പ്രധാന മുദ്രാവാക്യമായി എൽഡിഎഫ് ഉയർത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള മതിപ്പിൽ പരിഭ്രാന്തിയിലായ യുഡിഎഫ്, ബിജെപിയുമായി ചേർന്ന് അടിസ്ഥാനരഹിത ആരോപണങ്ങളെ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 88,26,620 പേർ ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. 41,58,341 പുരുഷന്മാരും 46,68,209 സ്ത്രീകളും 70 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഏറ്റവുമധികം വോട്ടർമാർ തിരുവനന്തപുരം ജില്ലയിലാണ്– 28,38,077. കുറവ് ഇടുക്കിയിൽ– 9,04,643.


24,584 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. അഞ്ചു ജില്ലയിലായി 11,225 പോളിങ് സ്റ്റേഷൻ സജ്ജമാക്കി (ഗ്രാമം– -9528, നഗരം–- 1697). 56,122 ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിനും റാലിക്കും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ആർപ്പുവിളികളും ആവേശപ്രകടനവും എങ്ങുമുണ്ടായില്ല. കേന്ദ്രീകരിച്ചുള്ള പ്രകടനത്തിനു പകരം മേഖലകളിൽ നിലയുറപ്പിച്ചുള്ള പ്രചാരണമാണ് അവസാന മണിക്കൂറിൽ മുന്നണികൾ നടത്തിയത്. പരസ്യപ്രചാരണം അവസാനിച്ചശേഷമുള്ള മണിക്കൂറുകളിൽ ഒരുവട്ടംകൂടി ഗൃഹസന്ദർശനം പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് വാർഡുകളിലെ സ്ഥാനാർഥികൾ. ജില്ലാപഞ്ചായത്ത്, കോർപറേഷൻ സ്ഥാനാർഥികളും പരമാവധിയിടങ്ങളിൽ ഒരിക്കൽക്കൂടി വോട്ടഭ്യർഥനയുമായി എത്താനുള്ള ശ്രമത്തിലാണ്.

സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേട്ടം അക്കമിട്ടു നിരത്തി വികസന രാഷ്ട്രീയം മുന്നോട്ടുവച്ചാണ് എൽഡിഎഫ് പ്രചാരണം നയിച്ചത്. ആദ്യം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ എൽഡിഎഫ് പ്രചാരണത്തിൽ മുൻതൂക്കം നിലനിർത്തി. യുഡിഎഫിനും ബിജെപിക്കും പലയിടത്തും വിമതർ ഭീഷണിയാണ്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 10നും മൂന്നാംഘട്ടം 14നുമാണ്. 16നാണ് വോട്ടെണ്ണൽ.

സുരക്ഷയൊരുക്കാൻ 16,968 പൊലീസുകാർ
ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 16,968 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 66 ഡിവൈഎസ്പിമാർ, 292 ഇൻസ്പെക്ടർമാർ, 1338 എസ്ഐ/എഎസ്ഐമാർ, 15,272 സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർമാർ. കൂടാതെ 1404 ഹോം ഗാർഡുമാരെയും 3718 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവർ തിങ്കളാഴ്ച രാവിലെ ആറിന് നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിക്കെത്തും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ouZ5r6

Comments

Archive

Contact Form

Send