മഹാരാഷ്ട്ര കൗൺസിൽ തെരഞ്ഞെടുപ്പ്: 50 വർഷത്തിൽ ആദ്യമായി നാഗ്‌പുർ സംഘപരിവാറിനു നഷ്ടപ്പെട്ടു
ന്യൂഡൽഹി > മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ബിരുദധാരികളുടെയും അധ്യാപകരുടെയും ആറ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. ശിവസേന, എൻസിപി, കോൺഗ്രസ് പാർടികൾ അടങ്ങുന്ന മഹാവികാസ് അഘാഡി(എംവിഎ)ക്ക് നാല് സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
എംവിഎ അധികാരത്തിൽ വന്നശേഷം നടന്ന സംസ്ഥാനതല ശ്രദ്ധനേടിയ ആദ്യതെരഞ്ഞെടുപ്പായിരുന്നു ഇത്. അൻപത് വർഷമായി സംഘ്പരിവാർ കയ്യടക്കിവച്ചിരുന്ന നാഗ്പുർ മണ്ഡലം എംവിഎ പിടിച്ചെടുത്തു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്റെ അച്ഛൻ ഗംഗാധര റാവു ഫദ്നാവിസ് 12 വർഷവും നിതിൻ ഗഡ്കരി 25 വർഷവും പ്രതിനിധാനം ചെയ്ത മണ്ഡലമാണിത്.
പുണെയിലെ രണ്ട് മണ്ഡലം, ഔറംഗബാദ് എന്നിവിടങ്ങളിലും എംവിഎയാണ് ജയിച്ചത്. ധുലെ–-നന്ദൂർബാർ സീറ്റിൽ ബിജെപിയും അമരാവതിയിൽ സ്വതന്ത്രനും ജയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 ലക്ഷത്തിൽപരം ബിരുദധാരികളും അധ്യാപകരുമാണ് വോട്ട് ചെയ്തത്.
എംവിഎ സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ബിജെപി പ്രചാരണം നയിച്ച ദേവേന്ദ്ര ഫദ്നാവിസ് പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/36D4kic
Comments