ബുറേവി ചുഴലിക്കാറ്റ്; കെഎസ്ഇബിയുടെ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം > ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെഎസ്ഇബിയുടെ കൺട്രോൾ റൂമുകൾ 24മണിക്കൂറും പ്രവർത്തിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനു കെഎസ്ഇബി പൂർണസജ്ജമായതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരങ്ങളോ മരച്ചില്ലകളോ വീണ് പോസ്റ്റുകൾ ഒടിയുകയോ കമ്പികൾ പൊട്ടുകയോ ചെയ്താൽ ഉടൻ തന്നെ കെഎസ്ഇബിയുടെ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. പൊട്ടിവീണ കമ്പിയുടെ അടുത്തേക്ക് പോകാതിരിക്കാനും മറ്റാരെയും പോകാനനുവദിക്കാതിരിക്കാനും ശ്രദ്ധിക്കണം.

വൈദ്യുതി ലൈനുകൾക്ക് സമീപത്തോ ടവറുകൾക്ക് അരികിലോ നിൽക്കരുത്. ഏർത്ത് വയറിലോ സ്റ്റേ വയറിലോ സ്പർശിക്കരുത്. വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ തട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കുക.

മഴയും കാറ്റും ശക്തിപ്രാപിക്കുകയാണെങ്കിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനുള്ള നടപടികൾ കെ എസ് ഇ ബി സ്വീകരിച്ചു കഴിഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2JG29Bt

Comments

Archive

Contact Form

Send