നജീബ് ഇന്നെത്തും ; ഇനി നാട്ടുജീവിതം ; പുതുജീവിതത്തിലേക്ക് യഥാർഥ നജീബ് വിമാനം കയറുന്നു
ആറാട്ടുപുഴ (ആലപ്പുഴ)
‘‘ഞങ്ങളെ കൂട്ടത്തോടെ വിമാനത്തിലേക്ക് നടത്തി. വിലങ്ങണിഞ്ഞ എൺപത് ആടുകളെ ഒരു മസറയിലേക്ക് ആട്ടിത്തെളിയിച്ച് കയറ്റുന്നതായിട്ടാണ് എനിക്കപ്പോൾ തോന്നിയത്. അതിൽ ഒരാട് ഞാനായിരുന്നു! ആടുജീവിതം!!’’ നജീബിന്റെ കഥ അവസാനിച്ചതിങ്ങനെ. വർഷങ്ങൾക്കിപ്പുറം നിറമുള്ള പുതുജീവിതത്തിലേക്ക് യഥാർഥ നജീബ് വിമാനം കയറുന്നു. ബെന്യാമന്റെ ‘ആടുജീവിത’ത്തിലെ നായകനായ ആറാട്ടുപുഴ പത്തിശേരിൽ പുത്തൻവീട്ടിൽ നജീബ് പ്രവാസജീവിതം അവസാനിപ്പിച്ച് ബുധനാഴ്ച രാത്രി നാട്ടിലെത്തും.
1991ൽ സൗദി അറേബ്യയിൽ ആരംഭിച്ച പ്രവാസം അവസാനിപ്പിക്കുന്നത് ബഹ്റൈനിൽ. നജീബിന്റെ മടങ്ങിവരവും കാത്ത് ഭാര്യ സഫിയത്ത് പുത്തൻ വീട്ടിലുണ്ട്. ഒപ്പം മക്കളായ സഫീറും സഫീനയും. സഹോദരങ്ങളായ അബ്ദുൾ റഷീദും ഷറഫുദ്ദീനും ഫാത്തിമ ബീവിയും സമീപമുണ്ട്.
ആറാട്ടുപുഴ കടലോര ഗ്രാമത്തിൽനിന്ന് പ്രതീക്ഷയുടെ തിരയിലേറി നജീബ് സൗദിയിലേക്കു പറക്കുമ്പോൾ സഫിയത്ത് ആറു മാസം ഗർഭിണി. ഏജന്റ് പറഞ്ഞ ജോലി കിട്ടാതെ മരുഭൂമിയിൽ ആടുകളെ മേയ്ച് മരിച്ച് ജീവിച്ച നജീബിന്റെ കഥ ബെന്യാമൻ പകർത്തിയെഴുതി. കമ്പനിയിൽ സൂപ്പർവൈസറായിരുന്നു ബെന്യാമനെന്ന് സഫിയത്തിന്റെ സാക്ഷ്യം. മരണജീവിതം നിർവികാരമായാണ് നജീബ് കഥാകൃത്തിനോട് പറഞ്ഞത്. ബെന്യാമനിലൂടെ ‘നജീബിന്റെ ജീവിതം’ മലയാളത്തിലെ ഏറ്റവും മനോഹരമായ നോവലുകളിലൊന്നായി. സഫീനയുടെ വിവാഹം ഉൾപ്പെടെ നിരവധി തവണ ബെന്യാമൻ ഈ വീട്ടിലെത്തി.

ആടുജീവിതം അവസാനിപ്പിച്ച് 1992ൽ തിരിച്ചെത്തിയ നജീബ് മൂന്നുവർഷത്തോളം നാട്ടിലും ജോലിചെയ്തു. ഒരായുസ്സിന്റെ ദുരിതം മുഴുവൻ സൗദിയിൽ അനുഭവിച്ച നജീബിന് ജീവിതം കരുപ്പിടിപ്പിക്കാൻ കടലിന്റെ കരുണ പോരാതെ വന്നു. ഇതിനിടെ സഫിയത്ത് സഫീനയെ പ്രസവിച്ചു. ജീവിതം ഉത്തരം കിട്ടാത്ത ചോദ്യമായപ്പോൾ ഭാര്യാ സഹോദരൻ ഹുസൈൻ ഉമ്മർകുഞ്ഞ് നൽകിയ വിസയുമായി ബഹ്റൈനിലേക്ക്. സൽമാനിയ സ്റ്റുഡിയോയിൽ ജോലി. മരുഭൂമിയിൽ ജീവിതം പച്ചപിടിച്ചു.
സഹോദരങ്ങൾ താമസിക്കുന്നതിനടുത്ത് അഞ്ചു സെന്റ് സ്ഥലവും പണിതീരാത്ത വീടും വാങ്ങി പണി പൂർത്തിയാക്കി. മക്കളെ പഠിപ്പിച്ചു, അവർ വിവാഹിതരായി. ഇപ്പോൾ വയസ്സ് 66. ബഹ്റൈൻ ഇനി വിസ പുതുക്കില്ല. പ്രവാസ ജീവിതത്തിന്റെ ഒടുക്കം. ഭാവിജീവിതം എങ്ങിനെയെന്നറിയില്ല. പേരിനുപോലും മരുപ്പച്ച കാണാതെ ജീവിച്ച നജീബ് അതിജീവിക്കുകതന്നെ ചെയ്യും.
Credits Kerala || Deshabhimani Online News https://ift.tt/34dRrJQ
Comments