ദളിതർക്കുനേരെയുള്ള അതിക്രമം തടയണം

ന്യൂഡൽഹി> രാജ്യത്ത് ദളിതർക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ നടപടികൾ കർശനമാക്കണമെന്ന് കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യ കൺവൻഷൻ ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗക്കാർക്കുനേരെയുള്ള അതിക്രമം തടയൽ നിയമം ശക്തിപ്പെടുത്തി കാര്യക്ഷമമായി നടപ്പാക്കുക, ഗോരക്ഷയുടെ പേരിൽ അഴിഞ്ഞാടുന്ന ക്രിമിനൽ സംഘങ്ങളെ നിരോധിക്കുക, ഭൂരഹിത ദളിത് കുടുംബങ്ങൾക്ക് ഭൂമി നൽകുക, വിദ്യാഭ്യാസ–-ആരോഗ്യ മേഖലകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൺവൻഷൻ ഉന്നയിച്ചു.

റഫി മാർഗ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഹാളിൽ ചേർന്ന കൺവൻഷൻ രമൺ മഗ്സസെ അവാർഡ് ജേതാവ് ബസ്വാഡ വിത്സൺ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവൻ സംസാരിച്ചു. ബി വെങ്കട്, നാഗേന്ദ്രനാഥ് ഓജ, രാമേശ്വർ പ്രസാദ് എന്നിവരടങ്ങിയ പ്രസീഡിയം കൺവൻഷൻ നിയന്ത്രിച്ചു.

അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ, അഖിലേന്ത്യ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ലേബർ അസോസിയേഷൻ, അഖിലേന്ത്യ സംയുക്ത് കിസാൻസഭ, അഖിലേന്ത്യ അഗ്രഗാമി കൃഷി ശ്രമിക് യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പട്ടികജാതി ഉപവർഗ പദ്ധതി കേന്ദ്രബജറ്റിൽ നടപ്പാക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/34tyDqf

Comments

Archive

Contact Form

Send