കേരള പര്യടനം: കണ്ടത് ആത്മവിശ്വാസം, പ്രതീക്ഷ : പിണറായി വിജയൻ
നവകേരള നിർമാണത്തിന്റെ രണ്ടാംഘട്ടത്തിന് നിർദേശം നൽകിയവർ പ്രകടിപ്പിച്ചത് തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ഇത്തവണ വന്ന് ഇക്കാര്യം തുറന്നുപറഞ്ഞു.
അഞ്ചു വർഷം മുമ്പത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതിന്റെ അനുഭവം ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി സൂചിപ്പിച്ചത് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അന്ന് ആ യോഗത്തിലിരിക്കുമ്പോൾ തനിക്കു വലിയ പ്രതീക്ഷയോ വിശ്വാസമോ തോന്നിയിരുന്നില്ല എന്നാണദ്ദേഹം ഓർമിച്ചത്. പക്ഷേ, ഇപ്പോൾ ചർച്ചയിൽ പങ്കാളിയാകുമ്പോൾ നിറഞ്ഞ പ്രതീക്ഷയുണ്ട്, ചർച്ച ചെയ്യുന്ന കാര്യങ്ങൾ നടക്കും എന്ന വിശ്വാസമുണ്ട് എന്നും ഇത്തവണ ശ്രീകുമാരൻ തമ്പി പറഞ്ഞു. ഈ സർക്കാർ പറയുന്ന കാര്യങ്ങൾ നിറവേറ്റും എന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണിത്.
ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്ന് എല്ലാ ജില്ലകളിൽനിന്നും ആവശ്യമുയർന്നു. വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവർ പ്രായോഗികനിർദേശങ്ങളും മുന്നോട്ടുവച്ചു. അറബി ഭാഷ പഠനഗവേഷണകേന്ദ്രം, മൈഗ്രേഷൻ സ്റ്റഡീസിൽ ഇന്റർ ഡിസിപ്ലിനറി പഠനം സാധ്യമാക്കുന്ന ഉന്നതഗവേഷണ കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് അവതരണങ്ങൾ ഉണ്ടായി. അന്തർദേശീയ നിലവാരത്തിൽ നൈപുണ്യവികസനത്തിന് സംവിധാനമുണ്ടാകണം.
വ്യവസായ വികസന നടപടികളെ പൊതുവിൽ അഭിനന്ദിച്ചു. കൂടുതൽ ഫലപ്രദമാക്കാൻ വ്യവസായ വികസന നയത്തിന്റെ സന്ദേശം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് കുറേക്കൂടി കാര്യക്ഷമമായി പ്രചരിപ്പിക്കേണ്ടതുണ്ട്. റബർ വില, കാപ്പിമേഖല നേരിടുന്ന പ്രതിസന്ധി, കോൾഡ് ചെയിനുകൾ സ്ഥാപിക്കൽ, ഫ്ളോറികൾച്ചർ തുടങ്ങി കാർഷിക മേഖലയിലെ ചർച്ചയും സമഗ്രമായി.
കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ സുഭദ്രമാക്കാനും ഉതകുന്ന നിർദേശങ്ങളുമുണ്ടായി. വടക്കൻ ജില്ലകളിൽ ജലാശയങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. വയനാടിനെ സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമായി മാറ്റണം.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മതനിരപേക്ഷ ഉത്സവങ്ങൾ കൂടുതൽ വേണമെന്ന ആവശ്യമുയർന്നു
പ്രശസ്ത സാഹിത്യകാരന്മാരുടെ ജീവിതത്തേയും സാഹിത്യസംഭാവനകളേയും കുറിച്ചുള്ള ഓർമകൾ സജീവമായി നിലനിർത്തുന്ന ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരളപര്യടനത്തിനിടെ നിർദേശം ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതനിരപേക്ഷ പുതിയ ആഘോഷങ്ങൾ കേരളത്തിൽ കൂടുതലായി ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
ആരോഗ്യമേഖലയിൽ ആർദ്രം മിഷൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമുയർന്നു. എമർജൻസി മെഡിസിൻ, ട്രോമ കെയർ, വയോജനങ്ങൾക്കായുള്ള ആരോഗ്യസംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മകനിർദേശങ്ങൾ ഉയർന്നുവന്നു. മാലിന്യമുക്ത കേരളം എന്ന ആശയം ശക്തമായി ഉന്നയിച്ചു.
സമുദ്ര, ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട ആശയങ്ങൾ തീരദേശജില്ലകളിൽനിന്നും ഉയർന്നുവന്നു. അഴീക്കൽ, ബേക്കൽ, ബേപ്പൂർ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലെ തുറമുഖവികസനത്തിനുള്ള നിർദേശങ്ങളുമുണ്ടായി. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ ഇടപെടൽ വേണമെന്ന നിർദേശവുമുണ്ടായി. നദികളെ മാലിന്യമുക്തമാക്കണം. ആദിവാസിമേഖലയിൽ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം, തൊഴിൽ തുടങ്ങിയവയ്ക്ക് സമഗ്ര ഇടപെടലുണ്ടാകണം.
വയോജനങ്ങളുടെ ക്ഷേമം കൂടുതൽ മെച്ചപ്പെടുത്തണം. ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്നവർക്കായി ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഏർപ്പാടാക്കണമെന്ന അഭിപ്രായവും ഉയർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ചർച്ചകൾക്ക് പറ്റിയവരല്ല: മുഖ്യമന്ത്രി
കേരള പര്യടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്ക് പറ്റിയവരല്ലാത്തതിനാലാണ് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. ക്രമസമാധാന പ്രശ്നമുള്ള അത്തരമൊരു കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടുന്നതിൽ തെറ്റില്ല. അതിൽ രാഷ്ട്രീയമുണ്ടെന്ന് കാണുന്നില്ല.
പാല സീറ്റ് മാണി സി കാപ്പന് കൊടുക്കുമെന്ന് പറയാനുള്ള അവകാശം പി ജെ ജോസഫിന് പാർടി കൊടുത്തിട്ടുണ്ടാകും. അത് ഗൗരവത്തിലെടുക്കേണ്ടതില്ല. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകൾ നടത്തുകയാണ്. കെഫോൺ പദ്ധതി കോവിഡ് മൂലമാണ് വൈകിയത്. ആദ്യഘട്ടം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3o25Z7a
Comments