ബംഗാളിൽ ഇടതുപക്ഷ സഖ്യത്തിന്‌ ഹൈക്കമാൻഡിന്റെ അംഗീകാരം

ന്യൂഡൽഹി > ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടികളുമായി സഖ്യത്തിൽ മൽസരിക്കാൻ സംസ്ഥാന കോൺഗ്രസ് ഘടകത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരം. പിസിസി പ്രസിഡന്റും കോൺഗ്രസിന്റെ ലോക്സഭാ നേതാവുമായ അധിർരഞ്ജൻ ചൗധരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുന്നതിനായി മതനിരപേക്ഷ പാർടികളുമായി തെരഞ്ഞെടുപ്പ് ധാരണയിൽ ഏർപ്പെടാനുള്ള സിപിഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയോഗം അംഗീകാരം നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടികളുമായി സഖ്യത്തിൽ മൽസരിക്കണമെന്ന ആവശ്യം ബംഗാളിലെ കോൺഗ്രസ് നേതാക്കൾ നേരത്തേ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിയാലോചിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് അനുമതി നൽകിയത്. കേരളം, തമിഴ്നാട്, അസം, പുതുശ്ശേരി സംസ്ഥാനങ്ങൾക്കൊപ്പം അടുത്ത വർഷം മാർച്ച്–- ഏപ്രിൽ മാസങ്ങളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.

തീവ്രവർഗീയത ഉയർത്തി ബംഗാളിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഇടതുപക്ഷ പാർടികളുമായി സഖ്യത്തിൽ മൽസരിക്കാനുള്ള കോൺഗ്രസ് തീരുമാനം.



Credits National || Deshabhimani ​Online ​News https://ift.tt/3hisCBV

Comments

Archive

Contact Form

Send