മതമൗലിക- ലീഗ് സഖ്യത്തിൽ കോൺഗ്രസ് നിശബ്ദരായി: വിജയരാഘവൻ
തിരുവനന്തപുരം > മുസ്ലിംലീഗിന്റെ മതമൗലികതാപരമായ പരിവർത്തനമാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യമെന്നും അത് ആപൽക്കരമാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.
മതമൗലികവാദവുമായി സന്ധിചെയ്തില്ലെങ്കിൽ മുസ്ലിംലീഗിന് വലിയ തിരിച്ചടി നേരിടുമായിരുന്നു. സ്വന്തം പരിക്ക് കുറയ്ക്കാൻ മതമൗലികവാദികളുമായി ലീഗ് ഉണ്ടാക്കിയ സഖ്യത്തിനുമുന്നിൽ കോൺഗ്രസ് നിശബ്ദത പാലിച്ചു. സമൂഹം ഇതിനെ എങ്ങനെ വിലയിരുത്തുന്നുവെന്നുപോലുംചിന്തിച്ചില്ല. പകരം ബിജെപിക്കൊപ്പം കൂടി കേന്ദ്ര ഏജൻസികളുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിച്ചു. ജനങ്ങളെ വിലകുറച്ചുകണ്ടതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പരാജയമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
വർഗീയ ശക്തികളോട് കൃത്യമായ നിലപാടാണ് എൽഡിഎഫിന്. ഒരു വർഗീയതയെയും വിജയത്തിനായി ഉപയോഗിക്കാൻ പാടില്ല. മതമൗലികവാദികളുമായി ഉണ്ടാക്കുന്ന രാഷ്ട്രീയ സഖ്യം ബിജെപിക്ക് വളരാനാണ് സഹായകമാവുക. ഈ പ്രാഥമികമായ ബോധമില്ലാതെയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിക്കുന്നത്. ലീഗിന് കീഴ്പ്പെട്ട കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് സെക്കൻഡ് ഫിഡിൽ വായിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് മികച്ച അവസ്ഥയിലേക്ക് എത്തിയ എൽഡിഎഫ് കരുതലോടെ ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രവർത്തിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫിലേക്ക് പുതിയ പാർടികൾ വന്നിട്ടുണ്ട്. ഏതാനും പാർടികൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നൽകുന്ന രീതിയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളിലേക്ക് നേതൃത്വപാടവത്തിനും കർമശേഷിക്കുമാണ് മുൻഗണന. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എൽഡിഎഫിന് പരിഹരിക്കാനാകും. കേരള കോൺഗ്രസ് എമ്മുമായുള്ള സഹകരണം കേരളത്തിലാകെ ഗുണംചെയ്തതായും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3ane3LZ
Comments