വെൽഫെയർ ബന്ധത്തിൽ വീണ്ടും ഉരുണ്ടുകളിച്ച് മുല്ലപ്പള്ളി; മുരളീധരനെതിരെ നടപടിയ്‌ക്ക് പരിമിതിയെന്ന്
കോഴിക്കോട്> യുഡിഎഫിന്റെ വെൽഫെയർ പാർടി ബന്ധത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉരുണ്ടുകളി തുടരുന്നു. കെ മുരളീധരനെതിരെ നടപടിയെടുക്കാൻ പരിമിതിയുണ്ടെന്നും പറഞ്ഞു.
മലപ്പുറം ഏലംകുളം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിസംഗമത്തിൽ തന്നോടൊപ്പം വെൽഫെയർ പാർടി സ്ഥാനാർഥി ഫോട്ടോയ്ക്ക് പോസ് ചെയ്തത് അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അവിടത്തെ കോൺഗ്രസുകാർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. കോൺഗ്രസിന് അവരുമായി ഒരു ബന്ധവുമുണ്ടാകില്ല. ഗുരുതര വീഴ്ചയാണ് പ്രാദേശിക നേതൃത്വത്തിനുണ്ടായത്. അഖിലേന്ത്യാ നയത്തിന് വിരുദ്ധമായ സഖ്യം പാടില്ല.
.jpg)
കോൺഗ്രസ് വെൽഫെയറുമായി ചർച്ച നടത്തിയിട്ടില്ല. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ചർച്ച നടത്തിയത് ആ പാർടിയുടെ ആഭ്യന്തര കാര്യമാണ്. കൂടുതലൊന്നും പറയാനില്ല. കോഴിക്കോട് കുറ്റ്യാടിയിലടക്കം വെൽഫെയർ പാർടി സഖ്യമുണ്ടല്ലോ എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണുണ്ടായത്.
വെൽഫെയറുമായി സഖ്യമുണ്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രസ്താവനയിലും മറുപടിയുണ്ടായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരനായതിനാൽ ഇപ്പോൾ ഒന്നിനും പ്രതികരിക്കുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് കലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മുരളീധരനെതിരെ നടപടിയ്ക്ക് പരിമിതി
കെ മുരളീധരൻ എംപിക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ കെപിസിസി പ്രസിഡന്റും എംപിയുമാണ് മുരളീധരൻ. പാർടിക്കെതിരായ പ്രസ്താവനകളുടെ പേരിൽ നടപടിയെടുക്കാൻ പരിമിതിയുണ്ട്. പ്രവർത്തകരെ നോവിക്കുന്ന പ്രസ്താവനകൾ നടത്തരുത്. സമീപനത്തിന്റെ പ്രശ്നമാണ്. ഇത് മുരളീധരൻ മനസ്സിലാക്കണം.
വകടര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയോട് മത്സരരംഗത്തുനിന്ന് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫിന്റെ ഐക്യത്തിനുവേണ്ടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിയുടെ അറിവോടെയാണ് കല്ലാമല ഡിവിഷനിൽ ആർഎംപിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതെന്നായിരുന്നു മുരളീധരന്റെ ആരോപണം.
Credits Kerala || Deshabhimani Online News https://ift.tt/2VxtjwZ
Comments