സംവരണത്തിന്റെ പേരിൽ അനാവശ്യ വിവാദം: മുഖ്യമന്ത്രി
സ്വന്തംലേഖകൻ
മുന്നോക്ക വിഭാഗത്തിന് പത്തുശതമാനം സംവരണം നടപ്പാക്കിയതിന്റെ പേരിൽ അനാവശ്യമായ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവഴി നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരില്ല. ഇക്കാര്യം സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. മുന്നോക്കക്കാരിലെ ദരിദ്രർക്ക് പത്തുശതമാനം സംവരണമെന്നത് എൽഡിഎഫ് നയമാണ്. അത് നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഇത് പാവപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ്–- കോഴിക്കോട്ട് നടന്ന കേരള പര്യടന പരിപാടിയിൽ പിണറായി പറഞ്ഞു.
സംവരണം എടുത്തുകളയണം എന്ന് ചിലർ വാദിക്കുന്നു. ആ നീക്കത്തിന് എൽഡിഎഫ് എതിരാണ്. സംവരണം അതേപോലെ തുടരണമെന്നതാണ് എൽഡിഎഫ് നിലപാട്. സംവരണേതര വിഭാഗത്തിലെ പരമ ദരിദ്രർക്ക് നിശ്ചിതശതമാനം സംവരണമെന്നത് ദശാബ്ദങ്ങളായി എൽഡിഎഫ് ഉന്നയിക്കുന്നു. അത് സാമ്പത്തിക സംവരണമാണെന്ന വാദം വളച്ചൊടിക്കലാണ്. ഇപ്പോൾ ഭരണഘടനാ ഭേദഗതി വന്നു.
സർക്കാർ അത് നടപ്പാക്കി. അത് സംവരണ സമുദായങ്ങളുടെ സീറ്റിലും അവകാശത്തിലും ഒരു കുറവും വരുത്തില്ല.
കേരളത്തിനു പുറത്ത് മുസ്ലിങ്ങൾക്ക് സംവരണാവകാശം ഇല്ലെന്നത് അനാവശ്യ എതിർപ്പുയർത്തുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/38D96vR
Comments