ഒരു വ്യക്തിവിരോധവുമില്ല; പിന്നില്‍ രാഷ്ട്രീയകാരണം തന്നെ; മണിലാലിന്റെ ഭാര്യ
കൊല്ലം > രാഷ്ട്രീയം തന്നെയാണ് തന്റെ ഭര്ത്താവിന്റെ കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് സിപിഐ എം പ്രവര്ത്തകന് മണിലാലിന്റെ ഭാര്യ രേണുക. കൊലപാതകികളുമായി വ്യക്തിപരമായി ഒരു വിരോധവും ഇല്ലെന്നും രേണുക പറഞ്ഞു.
വര്ഷങ്ങളായി യാതൊരു അടുപ്പവും അവരുമായി ഇല്ല. കുടുംബ സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നുമല്ല. വ്യക്തിവിരോധമാണെന്ന് ബിജെപിക്കാര് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും രേണുക പറഞ്ഞു.
ഞായറാഴ്ച്ച രാത്രിയാണ് മണ്റോതുരുത്തില് എല്ഡിഎഫ് ബൂത്ത് ഓഫീസിനു സമീപം സിപിഐ എം പ്രവര്ത്തകനായ മണിലാലിനെ ആര്എസ്എസുകാര് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില് ആര്എസ്എസ് പ്രവര്ത്തകരായ നെന്മേനി തെക്ക് തുപ്പാശേരില് അശോകന് (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യന്(51) എന്നിവരെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയില് എടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മണ്റോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എല്ഡിഎഫ് ബൂത്ത് ഓഫീസില്നിന്ന് അല്പ്പം മാറി സുഹൃത്തുമായി സംസാരിച്ചു നില്ക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകന് അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു. നിലത്തുവീണ മണിലാലിന്റെ നെഞ്ചില് രണ്ടുതവണ കൂടി കുത്തി. രക്തത്തില് കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എല്ഡിഎഫ് പ്രവര്ത്തകര് ഉടന് സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടര്ന്ന് പാലത്തറ എന് എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/39UUtXj
Comments