വളർത്തുനായയെ കാറിനുപിന്നില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍

നെടുമ്പാശേരി > പട്ടാപ്പകൽ ചുട്ടുപൊള്ളുന്ന റോഡിലൂടെ നായയെ കാറിനുപിന്നിൽ കെട്ടി വലിച്ചുകൊണ്ടുപോകുക. മറിഞ്ഞുവീണും കുരച്ചും റോഡിലൂടെ ഉരഞ്ഞുരഞ്ഞു നീങ്ങുന്ന നായ. ബൈക്ക് യാത്രികൻ കണ്ടതുകൊണ്ടുമാത്രം നായ രക്ഷപ്പെടുന്നു. കൊടുംക്രൂരത ചെയ്തയാൾ അറസ്റ്റിൽ.

കാറിനു പിന്നാലെയെത്തിയ നിഖിൽ വർഗീസ് എന്ന ചെറുപ്പക്കാരനാണ് സംഭവം ചിത്രീകരിച്ചത്. നിഖിൽ എടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ കാറുടമയെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. ചാലാക്ക കോരമ്പൻ വീട്ടിൽ കെ കെ യൂസഫിനെയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് ചെങ്ങമനാട് പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റുചെയ്തത്.

നായയെ ഉപേക്ഷിക്കുന്നതിനായി കാറിൽകെട്ടി വലിച്ചുകൊണ്ടുപോകുകയായിരുന്നു യൂസഫ്. വെള്ളിയാഴ്ച പകൽ പതിനൊന്നോടെ ചാലാക്ക -കണക്കൻകടവ് റോഡിലാണ് ക്രൂരസംഭവം അരങ്ങേറിയത്. കെഎൽ 6379 എന്ന നമ്പറിലുളള കാറിനു പിന്നിലാണ് കെട്ടിവലിച്ചത്. നിഖിൽ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യൂസഫ് കയറിൽനിന്നു നായയെ അഴിച്ചുവിട്ടു. ദേഹമാസകലം മുറിവേറ്റ നായ ഓടി രക്ഷപ്പെടുകയും ചെയ്തു. നായയെ പിന്നീട് മൃഗക്ഷേമ പ്രവർത്തക സംഘടനയായ ‘ദയ’ ഏെറ്റടുത്തു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. വാഹന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടുയുള്ള നടപടികൾ വകുപ്പ് സ്വീകരിക്കും. പറവൂർ ജോയിന്റ് ആർടിഒ യുടെ കീഴിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/37WHKk2

Comments

Archive

Contact Form

Send