മെഗാ സീഫുഡ് പാർക്ക് പുതുവർഷത്തിൽ ; മൂവായിരത്തോളം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ
ആലപ്പുഴ
ചേർത്തല പള്ളിപ്പുറം മെഗാ സീഫുഡ് പാർക്ക് ജനുവരിയിൽ നാടിനു സമർപ്പിക്കും. ശുദ്ധീകരണ പ്ലാന്റും മലിനജലം പുറത്തേക്ക് ഒഴുക്കാനുള്ള പൈപ്പുകളും സ്ഥാപിച്ചു. കെട്ടിട നിർമാണവും ഉപകരണങ്ങൾ സ്ഥാപിക്കലും മിക്കവാറും പൂർത്തിയായി. പ്രതിദിനം 20 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുളള ഇഫ്ലുവന്റ് പ്ലാന്റും വെള്ളം പുറത്തേക്ക് കളയാനുള്ള പൈപ്പുകളുമാണ് കഴിഞ്ഞദിവസം സ്ഥാപിച്ചത്. ഇതോടെ സംരംഭകർ കമ്പനികൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. തടസങ്ങൾ എല്ലാം നീങ്ങിയതോടെ അടുത്തമാസം ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ഐഡിസി അസിസ്റ്റന്റ് ജനറൽ മാനേജർ ബിനിൽകുമാർ അറിയിച്ചു.
വ്യവസായ വകുപ്പിനു കീഴിലുള്ള പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ 2017ലാണ് കല്ലിട്ടത്. മൂവായിരത്തോളം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കുന്ന ഈ സ്ഥാപനം കഴിഞ്ഞ ആഗസ്തിൽ ഉദ്ഘാടനം ചെയ്യാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ജോലികൾ തടസപ്പെടുത്തി. തൊഴിലാളികളുടെ ലഭ്യതക്കുറവും ഉപകരണങ്ങൾ എത്തിക്കാനുമുള്ള ബുദ്ധിമുട്ടുമാണ് തടസമായത്. മൊത്തം 129.15 കോടി രൂപയാണ് ചെലവ്. ഇതിൽ 72 കോടി സംസ്ഥാന സർക്കാരും 50 കോടി കേന്ദ്രസർക്കാരുമാണ് മുടക്കുന്നത്. ബാക്കിയുള്ള തുക ബാങ്ക് വായ്പയും. കേന്ദ്രസഹായമായി ഇതിനകം 28.8 കോടി രൂപ ലഭിച്ചിട്ടുണ്ട്.
സൈറ്റ് ഡെവലപ്പ്മെന്റ്, ചുറ്റുമതിൽ, റോഡ്, ഡ്രെയിനേജ്, ശുദ്ധജലം, വെയർഹൗസ്, എന്നിവയ്ക്കു പുറമേ കോമൺ ഫെസിലിറ്റി സെന്ററും വ്യവസായികൾക്ക് വാടകയ്ക്ക് എടുക്കാവുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും പൂർത്തിയായി. 3000 മെട്രിക് ടണ്ണിന്റെ കോൾഡ് സ്റ്റോറേജ് നിർമാണം പുരോഗമിക്കുന്നു. ദിവസം 10 മെട്രിക് ടൺ ശേഷിയുള്ള ഡീപ്പ് ഫ്രീസറിന്റെയും മീനിന്റെ മുള്ള് നീക്കുന്നതിന് 10 മെട്രിക് ടൺ ദിവസ കപ്പാസിറ്റിയുള്ള പ്ലാന്റിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. വൈദ്യുതീകരണം, അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയും പൂർത്തിയാകുന്നു.
മത്സ്യ കയറ്റുമതി സ്ഥാപനങ്ങൾക്കു പുറമേ, പാക്കിങ് ഫാക്ടറികൾ, പൊടിമില്ലുകൾ, മീൻതീറ്റ ഉൽപ്പാദന യൂണിറ്റുകൾ, മറ്റ് ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളും ഇവിടെ സ്ഥലം എടുത്തിട്ടുണ്ട്. 68 ഏക്കറിലാണ് പാർക്ക്. രണ്ടാംഘട്ടത്തിൽ 16 ഏക്കർ കൂടി ഏറ്റെടുക്കും.
സംരംഭകർക്കുള്ള 56 ഏക്കറിൽ 28 പ്ലോട്ടുകൾ ഇതിനകം മുപ്പതുവർഷത്തെ പാട്ടത്തിന് നൽകിക്കഴിഞ്ഞു. ഏഴ് ഷെഡുകളിലായി 29,000 ചതുരശ്രമീറ്റർ കെട്ടിടങ്ങളുണ്ട്. ഇതിൽ 9000 ചതുരശ്രമീറ്ററിന്റെ മൂന്നു എണ്ണവും സംരംഭകർ വാടകയ്ക്ക് എടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3m8pcCv
Comments