ലീഗിന്റെ കാൽച്ചുവട്ടിലെ‌ മണ്ണിളകിത്തുടങ്ങി : എ പി അബ്‌ദുൽ വഹാബ്


സാമുദായിക വികാരം ഊതിവീർപ്പിച്ച് അഴിമതികൾക്ക് മറയിടാമെന്നാണ് മുസ്ലിംലീഗ് വിചാരിക്കുന്നതെങ്കിൽ അപ്പണി ഇനി നടക്കില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്. ലീഗിന്റെ കാൽച്ചുവട്ടിൽനിന്ന് മണ്ണിളകാൻ തുടങ്ങി. ലീഗ് എംഎൽഎമാരുടെ തട്ടിപ്പ് നേതൃത്വം നിസ്സാരവൽക്കരിക്കുകയാണ്. അണികൾ ഇതംഗീകരിക്കില്ലെന്നതിന്റെ പ്രതിഫലനമാകും തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് അദ്ദേഹം ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലീഗിന്റെ രണ്ട് എംഎൽഎമാർ റിമാൻഡിലാണ്. അറസ്റ്റിലാകുമ്പോൾ ഒരാളുടെ പേരിൽ 114 കേസാണുണ്ടായിരുന്നത്. ഇപ്പോഴത് വർധിച്ചുവരികയാണ്. 136 കോടിയുടെ തട്ടിപ്പുകേസാണത്. 47 കോടിയുടെ ‘പിണ്ണാക്ക് പാലം’ പണിതതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെയാളുടെ കേസ്. 10 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് വേറെയും. മുസ്ലിംലീഗ് മുഖപത്രം ‘ചന്ദ്രിക’യിൽ ജീവനക്കാരുടെ പട്ടിണിസമരമാണ്. മാസങ്ങളായി ശമ്പളമില്ല. ഈ സന്ദർഭത്തിലാണ് 10 കോടിയുടെ കള്ളപ്പണം വരിസംഖ്യയെന്ന കള്ളപ്പേരിൽ ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരിൽ മൂന്നാമതൊരു എംഎൽഎ ഇഡി അന്വേഷണത്തിന്റെ നടുക്കയത്തിലാണ്. നാലാമതൊരു എംഎൽഎ സാമ്പത്തികത്തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയാണെന്ന ആരോപണവുമുണ്ട്. ഇത്രയൊക്കെയായിട്ടും മുസ്ലിംലീഗിന് ഒരു കുലുക്കവുമില്ല. ഈ കേസുകളത്രയും ‘നിസ്സാരം’ എന്നാണ് പാർടി നേതൃത്വം വിശേഷിപ്പിച്ചത്. സാരമുള്ളതാകണമെങ്കിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാകണമെന്നാണോ നേതൃത്വം പറയുന്നത്.

ഐതിഹാസിക വികസന പ്രവർത്തനങ്ങളാൽ വിസ്മയം തീർത്ത സർക്കാരാണ് കേരളത്തിലേത്. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റർ ഏറ്റവും മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല. ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചു. കരുത്തും നിശ്ചയദാർഢ്യവുമുള്ള പ്രഗത്ഭനായ ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങൾക്കറിയാം. പ്രതിസന്ധി ഘട്ടങ്ങളിൽ പരിരക്ഷയുടെ മഹാശക്തിയായിട്ടാണ് അദ്ദേഹം അനുഭവപ്പെടുന്നത്.

കോവിഡ് തുടക്കത്തിൽ സർക്കാരിന്റെ മുന്നൊരുക്കങ്ങളെ പിറകെ നടന്ന് കളിയാക്കുകയായിരുന്നു പ്രതിപക്ഷം. ആരോഗ്യമന്ത്രിയെ ‘പബ്ലിസിറ്റി മാനിക്’ എന്ന് വിളിച്ചാക്ഷേപിച്ചു. സർക്കാർ നിശ്ചയിച്ച കോവിഡ് പ്രോട്ടോകോളിനെ തകിടം മറിക്കാൻ സമരാഭാസങ്ങൾ സംഘടിപ്പിച്ചു.

വിദ്വേഷത്തിലൂട്ടിയ ബിജെപിയുടെ രാഷ്ട്രീയത്തിന് എന്നും ദുഷ്ടലാക്കാണുള്ളത്. തത്വദീക്ഷയോ ദൂരക്കാഴ്ചയോ ഇല്ലാത്ത പ്രതിപക്ഷത്തെ കൂട്ടിന് കിട്ടിയെന്നതാണ് ബിജെപിയുടെ ഏകനേട്ടം. കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും ചേർത്തുണ്ടാക്കിയ ഈ അവിശുദ്ധ മുന്നണിയിൽ ജമാഅത്തെ ഇസ്ലാമിയും പങ്കാളിയാണെന്നത് കോമഡിയാണ്. കമ്യൂണിസ്റ്റ് വിരോധത്തിന്റെ പൊതു മിനിമം പരിപാടിയാണ് ഈ അന്തർധാരയുടെ ആത്മാവെങ്കിൽ കമ്യൂണിസ്റ്റ് സ്നേഹംകൊണ്ടുതന്നെ ഈ അവിശുദ്ധസഖ്യത്തെ ജനങ്ങൾ തച്ചുടയ്ക്കുമെന്നും അബ്ദുൽ വഹാബ് പറഞ്ഞു.

തയ്യാറാക്കിയത്: പി വിജയൻ



Credits Kerala || Deshabhimani ​Online ​News https://ift.tt/39LmsIC

Comments

Archive

Contact Form

Send