പാചകവാതക വില വര്‍ദ്ധനവ് ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം; മേഖലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധം: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം> കോവിഡ് മഹാമാരി വരുത്തിവച്ച ദുരിതങ്ങള്ക്ക് നടുവിലും കേന്ദ്രസര്ക്കാര് പാചക വാതക വില വര്ദ്ധിപ്പിക്കുകയാണെന്നും ഇത് ജനങ്ങള്ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഡിവൈഎഫ്ഐ. വിലവര്ദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വൈകിട്ട് മേഖലാ കേന്ദ്രങ്ങളില് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.
ഗാര്ഹിക സിലിണ്ടറിന് അന്പത് രൂപയാണ് ഇന്ന് വര്ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 27 രൂപയും വര്ധിപ്പിച്ചു. ഇതോടെ അത്തരം സിലണ്ടറുകള്ക്ക് 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല് നിലവില് വന്നു. ദുരിതങ്ങള്ക്കിടയിലും വില വര്ധിപ്പിക്കുന്ന കേന്ദ്ര സര്ക്കാര് നടപടി പകല് കൊള്ളയാണ്. കോവിഡ് മഹാമാരിയും അത് വരുത്തിവച്ച ദുരിതങ്ങളും സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂര്ണ്ണമാക്കി. എന്നിട്ടും രണ്ടാം തവണയാണ് കേന്ദ്രസര്ക്കാര് സിലിണ്ടറിന്റെ വില വര്ദ്ധിപ്പിക്കുന്നത്. മുമ്പും അന്പത് രൂപ വീതമാണ് കേന്ദ്രസര്ക്കാര് വര്ദ്ധിപ്പിച്ചത്. മനുഷ്യത്വരഹിതമായ ഈ നടപടി അംഗീകരിക്കാനാകില്ല.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള് സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മഹാമാരിയെ തുടര്ന്ന് രാജ്യത്ത് തൊഴില് നഷ്ടമായവര് നിരവധിയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര് ഇന്നും നിത്യ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലുള്ള പാചക വാതക വില വര്ദ്ധനവ് ജനങ്ങള്ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കൈപിടിച്ചുയര്ത്തേണ്ടവര് ജനങ്ങളെ തീരാ കയത്തിലേക്ക് തള്ളിവിട്ട് കൊള്ളലാഭം കൊയ്യുന്നത് അംഗീകരിക്കാനാകില്ല.
ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില തുടര്ച്ചയായി വര്ധിപ്പിച്ച് ജീവിത ചെലവുകള് ഉയര്ത്തുകയാണ് കേന്ദ്രസര്ക്കാര്. എന്നാല്, കോര്പ്പറേറ്റുകള്ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രസര്ക്കാര് സാധാരണക്കാരുടെ ജീവിതഭാരം വര്ദ്ധിപ്പിക്കുകയാണ്.
ജനങ്ങളെ പിഴിഞ്ഞ് ലാഭം കൊയ്യുന്ന നടപടി കേന്ദ്ര സര്ക്കാര് അവസാനിപ്പിക്കണം. പാചക വാതക വില വര്ദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്ത്തിക്കൊണ്ടുവരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3mmfg8s
Comments