പഞ്ചായത്തുകൾ ദാരിദ്ര്യ മുക്തമാക്കാൻ "ഗ്രാമകം' ; ചുമതലയിൽ കുടുംബശ്രീ
സംസ്ഥാനത്തെ 941 പഞ്ചായത്തിലും ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി വരുന്നു. കുടുംബശ്രീക്കാണ് പദ്ധതി തയാറാക്കാനുള്ള ചുമതല. ഗ്രാമകം എന്ന പേരിലാണ് പദ്ധതി പ്രചാരണം കുടുംബശ്രീ ഏറ്റെടുക്കുന്നത്.
ഓരോ നാടിന്റെയും സമ്പൂർണ വികസനം സാധ്യമാക്കാനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ (വില്ലേജ് പോവർട്ടി റിഡക്ഷൻ പ്ലാൻ–-വിപിആർപി) പദ്ധതി രൂപീകരണം പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) തയാറാകും. ഇത് അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതിയുമായി യോജിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക അയൽക്കൂട്ടയോഗം ഈ ആഴ്ച ആരംഭിക്കും. ജനുവരി 26ന് പഞ്ചായത്തുകൾക്ക് പദ്ധതി സമർപ്പിക്കും.
വിവിധ ക്ഷേമ പെൻഷനുകൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിലുറപ്പ് കാർഡ് തുടങ്ങിയ പദ്ധതികൾ, കൃഷി, മൃഗ പരിപാലനം, ചെറുകിട സംരംഭം, വിപണനം തുടങ്ങിയവയിൽ വ്യക്തികൾക്കും കൂട്ടായ്മകൾക്കുമുള്ള ഉപജീവന പദ്ധതികൾ, മദ്യപാനം, പരിസ്ഥിതി പ്രശ്നങ്ങൾ, പരിസര മലിനീകരണം തുടങ്ങിയവയ്ക്ക് പരിഹാരമാകാവുന്ന സാമൂഹ്യ വികസന പദ്ധതികൾ, റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ പൊതുസ്വത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും വികസനവും ഉൾപ്പെടുന്ന പദ്ധതികൾ എന്നിവയാണ് വിപിആർപിയിൽ ഉൾപ്പെടുക.
ഗ്രാമകത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് സമർപ്പിക്കാം. ഇവ സമാഹരിച്ച് പദ്ധതിയാക്കി പഞ്ചായത്തിന് സമർപ്പിക്കും. എഡിഎസിൽ ക്രോഡീകരിക്കുന്ന വിവരങ്ങൾ വാർഡുതല പദ്ധതിയാക്കും. ഇവ സംയോജിപ്പിച്ച് പഞ്ചായത്തുതല പദ്ധതി രൂപീകരിക്കും. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിൽ പ്രദേശിക ദാരിദ്ര്യ ലഘൂകരണ പദ്ധതി അവതരിപ്പിക്കും.
Credits Kerala || Deshabhimani Online News https://ift.tt/38Tk3Kb
Comments