കോൺഗ്രസിൽ കലാപം , യുഡിഎഫ് പുകയുന്നു ; നേതൃത്വത്തിനെതിരെ കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോൺഗ്രസിൽ തമ്മിലടിയും വാക്പ്പോരും. നേതൃത്വത്തിനെതിരെ തുറന്നടിച്ച് എംപിമാരടക്കം കൂട്ടത്തോടെ രംഗത്തിറങ്ങിയതാണ് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിതുറന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഉന്നംവച്ചാണ് പടയൊരുക്കം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും നേതാക്കൾ ഏറ്റുമുട്ടി. മുസ്ലിംലീഗും ആർഎസ്പിയും അതൃപ്തി പരസ്യമാക്കിയതോടെ യുഡിഎഫിലും അസ്വസ്ഥത പുകയാൻ തുടങ്ങി.

കോൺഗ്രസിനെതിരെ നിശിത വിമർശമാണ് മുസ്ലിംലീഗും ആർഎസ്പിയും അഴിച്ചുവിട്ടത്. നേതൃമാറ്റം അനിവാര്യമാണെന്ന വികാരമാണ് മുസ്ലിംലീഗ് ഉന്നതാധികാര സമിതിയിൽ പ്രകടമായത്. ഉമ്മൻചാണ്ടിയെ മാറ്റിനിർത്തി മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും എതിരെയാണ് ലീഗിന്റെ കുന്തമുന. കോൺഗ്രസ് നേതാക്കളുടെ അനൈക്യവും വാക്പ്പോരുമാണ് തോൽവിക്ക് മുഖ്യ കാരണമെന്ന് ലീഗ് വിലയിരുത്തി. പലതും പറയാനുണ്ടെന്നും യുഡിഎഫ് യോഗത്തിൽ പറയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.
എംപിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ എന്നിവർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കാര്യങ്ങൾ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ധരിപ്പിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. അടിമുടി അഴിച്ചുപണി വേണമെന്ന നിലപാടിലാണ് ഇവർ. നേതൃമാറ്റ ആവശ്യമുയർന്നതിനെത്തുടർന്ന് രാഷ്ട്രീയകാര്യസമിതി യോഗത്തിലും വാദപ്രതിവാദം അരങ്ങേറി. തിരിച്ചടി മറികടക്കാൻ ‘സർജിക്കൽ സ്ട്രൈക്ക് ’ വേണമെന്നാണ് ആവശ്യം.
ഗ്രൂപ്പ് പരിഗണനയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിനിർണയം നടത്തിയതെന്നും ന്യൂനപക്ഷം കോൺഗ്രസിനെ കൈവിട്ടെന്നും മുതിർന്ന നേതാവ് പി ജെ കുര്യനും വെടിപൊട്ടിച്ചു. വെൽഫെയർ പാർടി സഖ്യത്തിലടക്കം കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും തർക്കിച്ചത് അനൈക്യത്തിന് തെളിവാണെന്ന് ആർഎസ്പി സെക്രട്ടറി എ എ അസീസ് ആരോപിച്ചു. ഷിബു ബേബി ജോണും കോൺഗ്രസിനെതിരെ വിമർശം ഉന്നയിച്ചു.
തിരുവനന്തപുരത്തെയും പാലക്കാട്ടെയും പ്രമുഖ നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെ ദയനീയ തോൽവിക്കും വോട്ട് കച്ചവടത്തിനും ഉത്തരവാദികളായ മുൻ മന്ത്രി വി എസ് ശിവകുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി എന്നിവരെ പുറത്താക്കണമെന്നാണ് ആവശ്യം. വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ നടപടി വേണമെന്ന് പാലക്കാട്ട് ആവശ്യമുയർന്നു.
കോൺഗ്രസ് നീറിപ്പുകയുന്നതിനിടെ ഘടകകക്ഷികൾകൂടി രംഗത്തിറങ്ങിയത് കെപിസിസി നേതൃത്വത്തിന് ഇരട്ടപ്രഹരമായി. തോൽവിയിൽ ഹൈക്കമാൻഡ് അസംതൃപ്തരാണ്. പരാജയത്തിന്റെ പേരിൽ നേതൃമാറ്റമെന്ന ആവശ്യം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി. കേരള നേതൃത്വത്തെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടാരം മാറ്റാൻ പഴുത് തേടുകയാണ് കെ സി വേണുഗോപാൽ എന്നാണ് സൂചന.
നിലമ്പൂരിലെ തോൽവി : കോൺഗ്രസിൽ കൂട്ടരാജി; ലീഗിൽ കലാപക്കൊടി
ജില്ലയിൽ കോൺഗ്രസ് ഭരിച്ച ഏക നഗരസഭയായിരുന്ന നിലമ്പൂരിലെ കനത്ത തോൽവിക്കുപിന്നാലെ യുഡിഎഫിൽ കലാപം മൂർച്ഛിച്ചു. ഡിസിസി വൈസ് പ്രസിഡന്റടക്കമുള്ള പ്രമുഖർ രാജിവച്ചു. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ചെയർമാൻ സ്ഥാനാർഥിയുമായിരുന്ന എ ഗോപിനാഥ് എന്നിവരാണ് രാജിവച്ചത്. കൂടുതൽ പേർ രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. നഗരഭരണം നഷ്ടമായതിനെച്ചൊല്ലി ഐ–-എ ഗ്രൂപ്പ് പോരും കനത്തു. തോൽവിക്ക് കാരണം ആര്യാടൻ മുഹമ്മദിന്റെ ധാർഷ്ട്യമാണെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. പി വി അബ്ദുൾ വഹാബ് എംപി നേരിട്ട് നയിച്ചിട്ടും ഒറ്റ സീറ്റിലും ജയിക്കാനാവാത്തതിനെച്ചൊല്ലി ലീഗിലും പ്രതിഷേധം ശക്തം. വഹാബിന്റെ വാർഡിലും ദയനീയമായി തോറ്റു. . ലീഗ് ചതിച്ചുവെന്ന അമർഷം കോൺഗ്രസിലുമുണ്ട്.
എ ഗോപിനാഥിന്റെ തോൽവിക്ക് കാരണം ലീഗാണെന്ന് കോൺഗ്രസ് തുറന്നടിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി മേലേക്കളം ബാലകൃഷ്ണൻ ബിജെപിക്കും എൽഡിഎഫിനും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഗ്രൂപ്പ് പോരാണെന്ന വിമർശവുമായി മറുവിഭാഗവും രംഗത്തെത്തി. 2010ൽ നഗരസഭയായശേഷം രണ്ടുതവണയും യുഡിഎഫാണ് നിലമ്പൂർ ഭരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി വി അൻവറാണ് ആര്യാടന്റെ കുത്തകസീറ്റായ നിലമ്പൂരിൽ ജയിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസ് മോഹവും ഇതോടെ പൊലിഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3amPsae
Comments