ശബരിമല തീർഥാടനം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി > ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം 5,000 ആയി വർധിപ്പിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്താതെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
തീർഥാടകരുടെ എണ്ണം ഉൾപ്പെടെയുള്ളതിൽ തീരുമാനമെടുക്കാൻ സർക്കാർ ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉന്നതസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ആരോഗ്യവകുപ്പിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യത്തിൽ 3,000പേർക്കും മറ്റ് ദിവസങ്ങളിൽ 2,000 പേർക്കും പ്രവേശനം അനുവദിക്കാമെന്ന് തീരുമാനിച്ചത്.
ഈ മാസം 14 വരെ 51 തീർഥാടകരും 248 ജീവനക്കാരും കോവിഡ് ബാധിതരായിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഭീതിയുമുണ്ട്. മുൻകരുതലായി കേന്ദ്ര, സംസ്ഥാനസർക്കാരുകൾ നിരവധി പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് തീർഥാടകരുടെ എണ്ണം ഉയർത്താൻ ഹൈക്കോടതി 18ന് ഉത്തരവിട്ടത്.
ഇത്രയും തീർഥാടകരെ കൈകാര്യംചെയ്യാൻ ശബരിമലയിലെ പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ട്. മാനദണ്ഡംപാലിച്ച് തീർഥാടകരുടെ യാത്രയും പ്രയാസകരമാണ്. പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3mRvQ09
Comments