ജമാഅത്തെ ബന്ധം : ലീഗിനും വെൽഫെയറിനും നേട്ടം, കോൺഗ്രസിന് ദോഷം
കോഴിക്കോട്
ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസിന് തിരിച്ചടിയായപ്പോൾ മുസ്ലിംലീഗിനും വെൽഫെയർ പാർടിക്കും തുണയായി. കണ്ണൂരും കോഴിക്കോട്ടും മലപ്പുറത്തും ലീഗ് നേരിയതോതിൽ പിടിച്ചുനിന്നത് വെൽഫെയറിന്റെ താങ്ങിൽ. എന്നാൽ വടക്കൻ കേരളത്തിലാകെ കോൺഗ്രസിന് കനത്ത ക്ഷീണമുണ്ടായി. വയനാട്ടിൽ തകർന്നടിഞ്ഞു. കാസർകോടും കണ്ണൂരും പിറകോട്ടുപോയി.
കോഴിക്കോട് ലീഗിന് പിന്നിലാണ് പഞ്ചായത്തുകളിലടക്കം കോൺഗ്രസിന്റെ നില. മതരാഷ്ട്രവാദികളുമായുള്ള കൂട്ട് പരമ്പരാഗത വോട്ടിൽ വിള്ളലുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാക്കൾതന്നെ സമ്മതിക്കുന്നു. ലീഗിന്റെ താൽപ്പര്യത്തിന് അടിപ്പെട്ടതിന് കനത്ത വിലനൽകേണ്ടിവന്നെന്ന വികാരം കെപിസിസി ഭാരവാഹികൾക്കുമുണ്ട്. ജമാഅത്തെയുടെ പാർടിയുമായി സഖ്യം പാടില്ലെന്ന അഭിപ്രായം ലീഗിനായി ഒരു വിഭാഗം ഹൈജാക്ക് ചെയ്തെന്നാണ് നേതാക്കൾ പറയുന്നത്.
വെൽഫെയർ പാർടിക്ക് സംസ്ഥാനത്തുണ്ടായിരുന്ന 42 സീറ്റ് യുഡിഎഫ് സഖ്യത്തിന്റെ ബലത്തിൽ ഇത്തവണ ഇരട്ടിയോളമായി. കൊച്ചി കോർപറേഷനിൽ അക്കൗണ്ട് തുറന്നു. 14 മുനിസിപ്പൽ കൗൺസിലറെയും കിട്ടി. 49 ഗ്രാമപഞ്ചായത്ത് മെമ്പർമാരും ജയിച്ചതായാണ് വെൽഫെയറിന്റെ അവകാശവാദം. ഇതിൽ നല്ല ഭാഗം കോൺഗ്രസ്–-ലീഗ് പിൻബലത്തിലാണ്.
എന്നാൽ കോൺഗ്രസിനുണ്ടായ തിരിച്ചടി സ്വയം വരുത്തിവച്ചതാണെന്നാണ് ലീഗിന്റെ നിഗമനം. ലീഗിന്റെ നില ഭദ്രമാണെന്നായിരുന്നു ഫലം പുറത്തുവന്നയുടൻ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പരസ്യമായി ജമാഅത്തെ ബന്ധം തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ജമാഅത്തെ സഖ്യം ദോഷമായെന്ന് കെസിബിസി
കേരള കോൺഗ്രസിനെ തള്ളി ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസിനും യുഡിഎഫിനും ദോഷമായെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ(കെസിബിസി). മധ്യകേരളത്തിലും മറ്റിടങ്ങളിലും ജനങ്ങൾ സഖ്യം തള്ളിക്കളഞ്ഞു. പരമ്പരാഗതമായി യുഡിഎഫിനോട് ആഭിമുഖ്യം പുലർത്തിയിരുന്നവർ അകന്നതായും കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.
ഗുണമായില്ലെങ്കിലും തള്ളാതെ ലീഗ്
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായുള്ള സംഖ്യം ഗുണം ചെയ്തില്ലെന്ന് ലീഗിൽ വിലയിരുത്തൽ. സമുദായത്തിൽനിന്നടക്കമുള്ള എതിർപ്പ് മോശമായി ബാധിച്ചു. വ്യാഴാഴ്ച ചേർന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ പ്രാഥമിക ചർച്ച ഇങ്ങനെയായിരുന്നു. എന്നാൽ, പരസ്യമായി ജമാഅത്തെയെ തള്ളിപ്പറയില്ല.
സംഖ്യത്തിൽ ശക്തമായ ധ്രുവീകരണമുണ്ടായി. ഇടതുപക്ഷം കടുത്ത വിമർശമുയർത്തി. ഇതിനെ നേരിടാൻ യുഡിഎഫിന് സാധിച്ചില്ല. തൽക്കാലം പരസ്യപ്രതികരണത്തിനില്ലെന്ന് ലീഗ് സംസ്ഥാന ഭാരവാഹി പറഞ്ഞു.
യുഡിഎഫ് തോൽവി കനത്തതെന്ന് ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടി കനത്തതെന്ന് മുസ്ലിംലീഗ്. ഉന്നതാധികാര സമിതി യോഗ ശേഷം പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗം തിരിച്ചടി ചർച്ചചെയ്യും. ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി. കടുത്ത പ്രസ്താവനകൾ പരസ്യമായി പറയുന്നില്ല. അത് മുന്നണിക്ക് ദോഷംചെയ്യും. അത്തരം കാര്യങ്ങൾ മുന്നണിക്കകത്ത് പറയും.
ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി വെൽഫെയർ പാർടിയുമായുള്ള സഖ്യം ദോഷംചെയ്തോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ലീഗ് ദേശീയ നേതൃയോഗം ജനുവരി രണ്ടിന് കോയമ്പത്തൂരിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/38eQ2Ut
Comments