രജനീകാന്തിന്റെ രാഷ്‌ട്രീയപ്രവേശം ബിജെപി അജണ്ട; ദ്രാവിഡരാഷ്‌ട്രീയത്തെ തകർക്കാനുള്ള തന്ത്രം
ചെന്നൈ > സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ദ്രാവിഡരാഷ്ട്രീയത്തെ തകർക്കാനുള്ള ഹിന്ദുത്വശക്തികളുടെ ഗൂഢാലോചനയെന്നു സംശയം. രജനീകാന്തിനെ മുന്നിൽ നിർത്തി തമിഴകത്തെ സവർണ ഹിന്ദുത്വശക്തികളെ ഒന്നിപ്പിക്കാനും അതിലൂടെ ദ്രാവിഡരാഷ്ട്രീയത്തെ തകർക്കാനുമുള്ള ദീർഘകാല ലക്ഷ്യമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.
രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച ചടങ്ങിൽ രജനീകാന്തിന്റെ തൊട്ടടുത്ത് നിന്നത് ബിജെപിയുടെ തമിഴ്നാട്ടിലെ ‘ഇന്റലക്ച്വൽ സെൽ’ പ്രസിഡന്റായ അർജുനമൂർത്തിയാണ്. തമിഴ്നാട്ടിൽ വേരൂന്നാൻ കാലങ്ങളായി ആർഎസ്എസ്–-ബിജെപി ശക്തികൾ കിണഞ്ഞുശ്രമിക്കുകയാണ്.
ബിജെപി സംസ്ഥാനനേതൃത്വം പലതവണ അഴിച്ചുപണിഞ്ഞു. എന്നിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളുടെ കെട്ടിവച്ച കാശുപോയി. മറ്റ് പാർടിയിൽ നിന്നുള്ള നേതാക്കൾ ഒപ്പമെത്തുമെന്ന് ബിജെപി കണക്കുകൂട്ടി. എന്നാൽ നടി കുശ്ബു മാത്രമാണ് വന്നത്.
കരുണാനിധിയുടെ മക്കളിൽ ഒരാളായ മുൻ കേന്ദ്രമന്ത്രി എം കെ അഴഗിരിയെ പുതിയ പാർടിയുണ്ടാക്കി കളത്തലിറക്കാൻ ശ്രമിച്ചു. അതും ചീറ്റി. ഇതോടെയാണ് രജനിയിലേക്ക് പൊടുന്നനെ നീങ്ങാൻ ബിജെപിയെ പ്രേരിപ്പിച്ചതെന്നു കരുതണം. കഴിഞ്ഞയാഴ്ച അമിത്ഷാ ചെന്നൈയിലെത്തിയിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം എഐഎഡിഎംകെയെ ആണ് കൂടുതൽ ബാധിക്കുക. ഹിന്ദുത്വശക്തികളെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യം ആ പാർടിയിലുണ്ടാക്കും എന്നാണ് വിലയിരുത്തൽ. രജനീകാന്തിന്റെ പുതിയ നീക്കം ഡിഎംകെ –- ഇടതുപക്ഷ മതനിരപേക്ഷ മുന്നണിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ പത്മനാഭൻ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/37vyB1H
Comments