ബിടിപിയെ പരാജയപ്പെടുത്താന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് -ബിജെപി സഖ്യം; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എമാര്‍
ന്യൂഡല്‍ഹി > രാജസ്ഥാനിലെ ദങ്കര്പുരില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബല്‍ പാര്‍ടി(ബിടിപി) സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എയുള്ള ബിടിപി പിന്‍വലിച്ചു.
ദങ്കര്പുര് ജില്ലാ പഞ്ചായത്തില്‍ ആകെ 27 സീറ്റില്‍ 13ലും ബിടിപി സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബിജെപിക്ക് എട്ട് സീറ്റിലും കോണ്‍ഗ്രസ് ആറിടത്തും ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിടിപിയുടെ 13 വോട്ടും അവരുടെ സ്ഥാനാര്‍ഥി പാര്‍വതി ദോദയ്ക്ക് ലഭിച്ചു. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി സൂര്യ അഹാഡിക്ക് കോണ്‍ഗ്രസിന്റെ ആറ് വോട്ട് കൂടി ലഭിച്ചതോടെ അവര്‍ ജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിനു ആശംസ നേരുന്നതായി ബിടിപി സ്ഥാപകന്‍ ചോട്ടുഭായ് വസാവ പരിഹസിച്ചു. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിടിപിയെ തോല്പിക്കാന് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതേതുടര്‍ന്നാണ് ബിടിപി എംഎല്‍എമാര്‍ ഗെലോട്ടിനുള്ള പിന്തുണ പിന്‍വലിച്ചത്. കഴിഞ്ഞ ആഗസ്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗെലോട്ട് സര്‍ക്കാരിനെ ബിടിപി എംഎല്‍എമാര്‍ പിന്തുണച്ചു.
Credits National || Deshabhimani Online News https://ift.tt/3oFT22W
Comments