പ്രധാനമന്ത്രിയുടെ വാക്കുകൾ കേരളത്തെ അവഹേളിക്കുന്നത്: കർഷകസംഘം
തിരുവനന്തപുരം > എപിഎംസി നിയമം നടപ്പാക്കാത്ത കേരളം എന്തിനാണ് കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ചോദ്യം കേരളത്തെക്കുറിച്ചും ഇവിടുത്തെ കാർഷിക മേഖലയെക്കുറിച്ചും അറിയാത്തതുകൊണ്ടാണെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിൽ ഏതൊക്കെ വിളകളാണ് കൃഷിയിറക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഇവിടുത്തെ കാർഷിക ഉൽപ്പന്നങ്ങളിൽ 80 ശതമാനത്തോളം നാണ്യ വിളകളാണ്. റബർ, കാപ്പി, തേയില, ഇഞ്ചി, ഏലം, കുരുമുളക്, നാളികേരം തുടങ്ങിയവയുടെ വിപണനത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ ചുമതലയിലുള്ള ടീ ബോർഡ്, കോഫി ബോർഡ് എന്നിവ വഴിയുള്ള നിയന്ത്രണങ്ങളുമുണ്ട്.
കേരളത്തിൽ നെല്ലും പച്ചക്കറികളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കുന്നില്ല. ഉൽപ്പാദിപ്പിക്കുന്ന നെല്ല് എടുക്കാൻ സർക്കാർ സംവിധാനമുണ്ട്. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ 50 ശതമാനം കൂടെ നൽകി 27.48 രൂപയ്ക്കാണ് കേരളം നെല്ലെടുക്കുന്നത്.
ഇങ്ങനെ വ്യവസ്ഥാപിതമായ സംവിധാനമുള്ളതിനാൽ ഇവിടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടാത്ത സ്ഥിതിയില്ല. രാജ്യത്താദ്യമായി പതിനാറിനം പച്ചക്കറികൾക്ക് തറവില നൽകാനുള്ള പദ്ധതിയും കേരളത്തിൽ നടപ്പാക്കി.
കേന്ദ്ര കാർഷിക നിയമത്തിന്റെ ഭാഗമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാകാൻ പോകുന്നത് കേരളത്തിലാണ്. നെല്ല് സംഭരണവും പൊതുവിതരണവും ഇല്ലാതായാൽ റേഷൻ സമ്പ്രദായം തകരുകയും ഭക്ഷ്യസുരക്ഷ അപകടത്തിലാകുകയും ചെയ്യും. അവശ്യസാധന നിയന്ത്രണ നിയമം ഇല്ലാതായാൽ ഭക്ഷ്യസാധന വില കുതിക്കും.
കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിനാവശ്യമുള്ള മഹാഭൂരിപക്ഷം സാധനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നതാണ്. അതുകൊണ്ടാണ് കേരളത്തിൽ കർഷകരും ജനാധിപത്യ വിശ്വാസികളും സമരത്തിന് മുന്നോട്ടുവരുന്നത്. പ്രത്യേക നിയമസഭ ഉൾപ്പെടെ വിളിക്കുന്നത് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയും ന്യായവില സംവിധാനവും തകരും എന്ന സാഹചര്യവുമുള്ളതുകൊണ്ടാണ്. ഇത് മനസ്സിലാക്കാതെ കേരളത്തെയും കേരളീയരെയും അവഹേളിക്കുന്നതാണ് മോഡിയുടെ വാക്കുകളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2WICFXw
Comments