സൗജന്യ വാക്സിൻ നയത്തിന്റെ ഭാഗം ; പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആക്ഷേപത്തിൽ കഴമ്പില്ല
തിരുവനന്തപുരം
കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്ന് എൽഡിഎഫ് സർക്കാർ നേരത്തേ നയപരമായ തീരുമാനമെടുത്തിരുന്നതിനാൽ വാക്സിൻ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം പെരുമാറ്റച്ചട്ട ലംഘനമാകില്ലെന്ന് വിദഗ്ധ അഭിപ്രായം. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആക്ഷേപത്തിൽ കഴമ്പുമില്ല.
കോവിഡിന് ചികിത്സ സൗജന്യമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യുംമുമ്പേ അക്കാര്യം പ്രഖ്യാപിച്ചതും നടപ്പാക്കിയതുമാണ്. അതിന്റെ ഭാഗമായാണ് വാക്സിനും സൗജന്യമായി നൽകുന്നത്. ഒമ്പതു മാസമായി നിലവിലുള്ള നയം തുടരുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ല.
സർക്കാരിന്റെ പുതിയ പദ്ധതിയായോ തീരുമാനമായോ അല്ല മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. വാർത്താസമ്മേളനത്തിലെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അത്. ലോകത്ത് പല രാജ്യങ്ങളിലും വാക്സിൻ ലഭ്യമാകുകയും രാജ്യത്ത് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാവുകയുംചെയ്ത പശ്ചാത്തലത്തിലാണ് വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നത്. വാക്സിൻ എത്രകണ്ട് ലഭ്യമാകുമെന്നത് വേറെ വിഷയമാണെന്നും ലഭ്യമായാൽ സ്വാഭാവികമായും സൗജന്യമായി തന്നെയാകും വിതരണമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നാല് ജില്ലയിൽമാത്രം വോട്ടെടുപ്പ് ബാക്കിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്
മുഖ്യമന്ത്രി പറഞ്ഞത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണ്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അമ്പതാം ഖണ്ഡികയിൽ കോവിഡ് പ്രതിരോധം എന്ന തലക്കെട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമാണ് കോൺഗ്രസോ – ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇതല്ല അവസ്ഥ. അപ്പോൾ പിന്നെ കോവിഡ് വാക്സിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വാക്സിൻ ഫലപ്രദമായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് സർക്കാർ തുടങ്ങിക്കഴിഞ്ഞു' -ഇതാണ് പ്രകടനപത്രികയിലെ വരികൾ.
വാക്സിനിലും കോൺ-–-ബിജെപി ജനവിരുദ്ധ സഖ്യം
സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത് ഇരു പാർടികളും തുടരുന്ന ജനവിരുദ്ധ നിലപാടിന്റെ തുടർച്ച. പ്രതിസന്ധികളിൽ നട്ടംതിരിയുന്ന യുഡിഎഫ് ബിജെപിയുമായി ചേർന്ന് നടത്തുന്ന കുത്തിത്തിരിപ്പിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ പരാതി. കോവിഡ് കാലത്ത് തുടക്കംമുതൽ പ്രതിപക്ഷവും ബിജെപിയും സ്വീകരിച്ച നിലപാടിന്റെ തുടർച്ചയാണിത്.
അധികാരത്തിൽവന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന പ്രസ്താവനയ്ക്കെതിരെയും കോൺഗ്രസ് രംഗത്തെത്തിയത്. കെ ഫോൺ പദ്ധതിയുടെ ആവശ്യമുണ്ടോ എന്ന് നിയമസഭയിൽ ചോദിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ റെയിൽ പദ്ധതി പിരിച്ചുവിടുമെന്നും പ്രഖ്യാപിച്ചു. കോവിഡ് വാക്സിന്റെ കാര്യത്തിലും കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. നടപടിയാവശ്യപ്പെട്ട് കെ സി ജോസഫ് എംഎൽഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ഇതിനൊപ്പമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പരാതി നൽകിയത്.
Credits Kerala || Deshabhimani Online News https://ift.tt/37eOk6n
Comments