ചായക്കാരനിൽനിന്ന് പൊലീസിലേക്ക്; മിഥുന് ഇത് പരിശ്രമത്തിന്റെ വിജയം
ആലപ്പുഴ
ഏതാനും വർഷങ്ങൾ മുമ്പുവരെ മിഥുന്റെ ദിവസം തുടങ്ങുന്നത് അച്ഛന്റെ ചായക്കടയിലായിരുന്നു. വീട്ടിലെ അടുക്കളയിൽനിന്ന് പലഹാരം കടയിലേക്ക് കൊണ്ടുവരുന്നതുമുതൽ പാത്രങ്ങൾ കഴുകുന്നതും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ചായ കൊണ്ടുപോകുന്നത് വരെയുള്ള പണികളിൽ അച്ഛന്റെ സഹായി. മിഥുന്റെ ജീവിതം മാറിയത് അത്തരമൊരു പ്രഭാതത്തിലാണ്. വർഷങ്ങൾക്ക് ശേഷം സ്വപ്നത്തിൽ പോലുമില്ലാതിരുന്ന പൊലീസ് കുപ്പായത്തിലേക്കുള്ള യാത്രയിലാണ് 23 കാരൻ മിഥുൻ ഇപ്പോൾ. തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ട്രെയിനിങ്ങിനിടെയുള്ള ഒഴിവുദിവസത്തിൽ സംസാരിക്കുമ്പോഴും മിഥുന്റെ ഓർമകളിൽ ചായക്കടയിലെ ജീവിതം ഇരമ്പിയെത്തുന്നു. മാരാരിക്കുളം സ്റ്റേഷനിൽ സ്ഥിരമായി ചായ വിതരണംചെയ്യുന്ന കഞ്ഞിക്കുഴി പടിഞ്ഞാറ് കുന്നത്തുവീട്ടിൽ മനോഹരന്റെയും ഷൈലയുടെയും മകനാണ് എം മിഥുൻ. അച്ഛനൊപ്പം കടയിലെ ജോലികളെല്ലാം മടിയില്ലാതെ ചെയ്യുന്ന കൗമാരക്കാരൻ.
മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാരൻ മനോജാണ് മിഥുനെ ശ്രദ്ധിക്കുന്നത്. ചായക്കടയിലെ ജോലികഴിഞ്ഞാണ് മിഥുൻ ചേർത്തല എസ്എൻ കോളേജിൽ ബോട്ടണി ബിരുദ പഠനത്തിന് പോയ്ക്കൊണ്ടിരുന്നത്. മനോജാണ് കാവുങ്കൽ ഗ്രൗണ്ടിൽ സ്പീഡ് ട്രാക്ക് നടത്തുന്ന കായിക പരിശീലനത്തിന് പോകാൻ നിർബന്ധിച്ചത്. ആദ്യം മടിച്ചെങ്കിലും പിന്നീട് പരിശീലനത്തിന് ചേർന്നു. ദിവസേന രാവിലെ അഞ്ചുമുതൽ വ്യായാമം. പിന്നെ പൊലീസ് കായികക്ഷമതാ പരീക്ഷയ്ക്കുള്ള എല്ലാ ഇനങ്ങളിലും പരിശീലനം. റിട്ട. ആർമി നായ്ക്ക് സുരേഷിന്റെ മേൽനോട്ടത്തിൽ മിഥുൻ വേഗത്തിൽ കളംപിടിച്ചു
2018ൽ ആയിരുന്നു പരീക്ഷ. 2019ൽ ലിസ്റ്റ് വന്നു; 415‐ാം റാങ്കോടെ മെയിൻ ലിസ്റ്റിൽ. കായികക്ഷമതാ പരീക്ഷ നിസാരമായി മിഥുൻ വിജയിച്ചു. ആദ്യ അഞ്ച് ഇനങ്ങളുടെ കടമ്പ ഒന്നാമത്തെ അവസരത്തിൽ കടന്നുകൂടി. ഡിസംബർ രണ്ടിന് സിവിൽ പൊലീസ് ഓഫീസറായി ജോലിക്ക് ചേർന്നു. നിലവിൽ പരിശീലനത്തിലാണ്.
‘‘കായിക ക്ഷമതാ പരീക്ഷ ജയിക്കില്ലെന്ന് കരുതരുത്. അതിനായി ഇറങ്ങിത്തിരിച്ചാൽ ഉറപ്പായും വിജയിക്കും. എഴുത്തുപരീക്ഷയ്ക്ക് മുമ്പേ ഇതിന് പരിശീലനം തുടങ്ങണം.’’ –- പൊലീസ് ജോലി സ്വപ്നം കാണുന്നവരോട് മിഥുന് പറയാനുള്ളത് ഇതാണ്. അച്ഛൻ ചായയെത്തിച്ച് കൊടുക്കാറുള്ള സ്റ്റേഷനിൽ വരും നാളുകളൊന്നിൽ മിഥുൻ പൊലീസ് ഓഫീസറായി എത്തും. കാലം അങ്ങനെ ചില സന്തോഷങ്ങൾ നമുക്കായി കാത്തുവയ്ക്കുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/343trcd
Comments