ബാങ്ക് ബിസിനസ് കറസ്പോണ്ടൻ്റുമാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം: ബെഫി


തിരുവനന്തപുരം> ബാങ്കുകൾ നേരിട്ട് നിയമിച്ചിട്ടുള്ള ബിസിനസ് കറസ്പോണ്ടൻ്റുമാരെ പിരിച്ചുവിടാനുള്ള നീക്കം ഉടൻ ഉപേക്ഷിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)സംസ്ഥാന കമ്മിറ്റി ബന്ധപ്പെട്ട ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടു. പിരിച്ചുവിടലിന് തുടക്കം കുറിച്ച് ബാങ്ക് ഓഫ് ഇന്ത്യയാണ് സംസ്ഥാനത്തെ പല ബി.സിമാർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.

പത്ത് കൊല്ലം മുടക്കമില്ലാതെ പണിയെടുക്കുന്നവർക്കുൾപ്പടെ ബാങ്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുകയാണ്. മുപ്പത് ദിവസത്തെ നോട്ടീസാണ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ അവർക്ക് ബാങ്ക് നൽകിയ ഐഡൻ്റിറ്റി കാർഡ് തിരിച്ചുനൽകാനും ഇടപാടുകാർക്ക് പണം നൽകുന്നതിന് സൗകര്യാർത്ഥം തുടങ്ങിയ ഓവർ ഡ്രാഫ്ട് അക്കൗണ്ട് അവസാനിപ്പിക്കാനുമാണ് നിർദ്ദേശം. കോവിഡ്ക്കാലത്ത് ശാഖകളിൽ എത്തുവാൻ സാധിക്കാത്ത ഇടപാടുകാർക്ക് അവരുടെ വീട്ടുമുറ്റത്ത് പെൻഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ നൽകിയ ബി.സിമാരോടാണ് ബാങ്കധികാരികൾ ഈ കോവിഡ് കാലത്ത് തന്നെ നിർബന്ധമായി പിരിഞ്ഞു പോകാനും നോട്ടീസ് നൽകിയിരിക്കുന്നത്.

ബാങ്കിംഗ് മേഖലയിൽ 2006 മുതലാണ് ബിസിനസ് കറസ്പോണ്ടൻ്റ് മാരെ ബാങ്കുകളിൽ നിയമിക്കുന്നത്. സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതി പ്ലാൻ 1 (financial inclusion plan 1) എന്ന പേരിൽ, ബാങ്ക് ശാഖകളില്ലാത്ത ആറരലക്ഷം ഗ്രാമങ്ങളിൽ ബാങ്കിംഗ് സൗകര്യം എത്തിക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2010 ൽ ബാങ്കിംഗ് ബിസിനസ് കറസ്പോണ്ടൻ്റ് സമ്പ്രദായത്തെക്കുറിച്ചുള്ള മാർഗ്ഗരേഖ പുറത്തിറക്കിയത്. ഗ്രാമീണ മേഖലയിൽ കൂടുതൽ ബാങ്ക് ശാഖകൾ തുടങ്ങി സ്ഥിരം ജീവനക്കാരെ നിയമിച്ച് ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് പകരം നടപ്പിലാക്കിയ ബി.സി. തൊഴിൽ സമ്പ്രദായം, ബാങ്കിംഗ് പ്രവർത്തനങ്ങളുടെ വിശ്വാസ്യതക്ക് തന്നെ കോട്ടമുണ്ടാക്കുമെന്നും തൊഴിൽ ചൂഷണത്തിന് ഇടയാക്കുമെന്നും അന്ന് തന്നെ ബിഇഎഫ്ഐ ചൂണ്ടിക്കാട്ടിയിരുന്നു.

ബാങ്കുകൾ നേരിട്ട് നിയന്ത്രിച്ചിരുന്ന ബിസിമാരെ കോർപ്പറേറ്റ് എജൻസികൾക്കു കീഴിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന ഈ പിരിച്ചുവിടൽ നീക്കം. മാത്രമല്ല ഡോർ സ്റ്റെപ്പ് ബാങ്കിംഗ് എന്ന പുതിയ പദ്ധതിയും അടുത്തിടെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് വേണ്ടി പൊതുമേഖലയിലെ 12 ബാങ്കുകൾ ചേർന്ന് ഒരു കമ്പനി രൂപികരിക്കുകയാണ്. പ്രസ്തുത കമ്പനിക്കു കീഴിലുള്ള ജീവനക്കാരായിരിക്കും ബാങ്കിംഗ് സൗകര്യം വീട്ടുമുറ്റത്ത് എത്തിക്കുന്നത്. നിലവിലുള്ള ബി സി സമ്പ്രദായത്തിൻ്റെ മറ്റൊരു മുഖമായിരിക്കും ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞ് നടപ്പാക്കുന്ന ഡോർ സ്റ്റെപ്പ് ബാങ്കിംഗ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ക്ലറിക്കൽ തസ്തികയിലേക്ക് അപ്രൻ്റീസുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയത്. വൻകിട കുത്തകകൾക്ക് ബാങ്കുകൾ തുടങ്ങാനുള്ള അനുമതി നൽകണമെന്ന് റിസർവ്വ് ബാങ്ക് കേന്ദ്ര സർക്കാരിനോട് നിർദ്ദേശം നൽകിയതും അടുത്തിടെയാണ്. ബാങ്കിംഗ് മേഖലയിൽ കോർപ്പറേറ്റുകൾക്ക് കടന്നു വരാനുള്ള കളമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മേൽപ്പറഞ്ഞ പുതിയ പരിഷ്കാരങ്ങളൊക്കെ നടപ്പിലാക്കുന്നത്.

റിസർവ്വ് ബാങ്ക് വിഷയത്തിൽ അടിയന്തിരമായി ഇടപെടണംമെന്നും ബാങ്ക് ഓഫ് ഇന്ത്യ ബി സിമാർക്ക് നൽകിയ അന്യായമായ പിരിച്ചുവിടൽ നോട്ടീസ് ഉടൻ പിൻവലിക്കണമെന്നും ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ് എസ് അനിലും ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oowKTc

Comments

Archive

Contact Form

Send