‘എൽഡിഎഫ് വിജയം ഇഡി അന്വേഷിക്കും’ ; എൽഡിഎഫിന്റെ മുന്നേറ്റത്തിൽ കണ്ണുതള്ളിയ വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ മരണവീടുപോലെ നിശ്ശബ്ദം
തിരുവനന്തപുരം
കേരളത്തിലെ ഇടതുപക്ഷ വിജയം ഇഡിയും സിബിഐയും അന്വേഷിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസം. തെരഞ്ഞെടുപ്പിനുമുമ്പ് സൂചന, ഉണ്ടത്രെ തുടങ്ങിയ പദങ്ങൾകൊണ്ട് കുരുക്ക് മുറുക്കിയ മാധ്യമങ്ങൾക്ക് കുടപിടിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ മരണവീടുപോലെയാണ് ഇപ്പോൾ.

ലൈഫ് പദ്ധതിക്കെതിരെ ആക്ഷേപമുന്നയിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയത്തിന് ഒത്താശചെയ്ത അനിൽ അക്കരയ്ക്കും കിട്ടി കണക്കിന് പരിഹാസം. വടക്കാഞ്ചേരിയിലെ പോരായ്മ തിരുത്തും എന്ന അക്കരയുടെ പോസ്റ്റിന് കിട്ടിയ പരിഹാസ മറുപടി ഇപ്പോഴും വൈറലാണ്.
നിലമ്പൂർ നഗരസഭയിൽ എൽഡിഎഫ് ഇല്ലാതാകും എന്ന് പോസ്റ്റിട്ട ആര്യാടൻ ഷൗക്കത്തിന്റെ പോസ്റ്റിന്, ‘ആഹാ എന്നിട്ട്’ എന്ന കമന്റോടെ അൻവർ എംഎൽഎ നൽകിയ മറുപടിയിൽ പൊട്ടിച്ചിരി നിലച്ചിട്ടില്ല.നുണക്കഥകളെ പ്രതിരോധിച്ച് കമന്റിട്ടാൽ മറുപടിയില്ലാതാകുന്ന ഉത്തമരും നിക്ഷ്പക്ഷരും ‘ക്യാപ്സൂൾ’ എന്ന് പരിഹസിച്ചാണ് സ്ഥലം വിടാറ്. അത്തരക്കാർ ബുധനാഴ്ച പത്തുമണിയോടെ കടയടച്ച് സ്ഥലംവിട്ടതാണ്. ‘ആര് ജയിച്ചാലും കണക്കാ’ എന്ന പോസ്റ്റുമായി അവർ അടുത്തയാഴ്ചയെങ്കിലും മടങ്ങിവന്നേക്കും.
കിറ്റ്, പെൻഷൻ എന്നിവ നൽകി കിട്ടിയ ജയം ശാശ്വതമല്ലെന്ന് നിരൂപിക്കുന്ന ‘രാഷ്ട്രീയ നിരീക്ഷകരും’ ഇത്തരം വിജയം രാഷ്ട്രീയ വിജയമല്ലെന്നും ചിലർ കണ്ടെത്തുന്നു.
ഒടുവിൽ ഇഡി, സിബിഐ അടക്കമുള്ള ഘടകകക്ഷികൾ യുഡിഎഫ്, എൻഡിഎ മുന്നണി വിടുന്നതായി സൂചന ശക്തം എന്ന രാഷ്ട്രീയ ലേഖനം അവതരിപ്പിച്ചാണ് ട്രോളർമാർ എൽഡിഎഫ് വിജയം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3p2Ntvy
Comments