ആണായി അഭിനയിച്ചു; പെണ്ണായി ജീവിച്ചു ; സ്വന്തം സ്വത്വത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു


തൃശൂർ
" പ്രതീക്ഷയറ്റ് മരണത്തിലേക്ക് വെറുതെ ജീവിച്ചു പോകാൻ ആഗ്രഹിച്ചില്ല. അങ്ങനെയാണ് സ്വന്തം സ്വത്വത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.' ഡോ.വി എസ് പ്രിയയുടെ വാക്കുകളിൽ അടക്കാനാവാത്ത ആത്മവിശ്വാസം. ഒപ്പം സന്തോഷവുമുണ്ട്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറാണ് ഡോ.വി എസ് പ്രിയ. തൃശൂർ സീതാറാം ആയുർവേദ ആശുപത്രിയിലാണ് ജോലി . മനസ്സിനൊപ്പം മറ്റൊരു ലിംഗത്തിലേക്ക് മാറുമ്പോൾ വീട്ടുകാരും പ്രിയയ്ക്ക് ഒപ്പം നിന്നു.

അയ്യന്തോൾ വനജാ വിഹാറിലെ ജിനു ശശിധരൻ എന്ന ആൺകുട്ടി ബാല്യത്തിലേ തന്റെ ഉള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സമൂഹത്തിലെ പലരും നെറ്റി ചുളിച്ചതിനാൽ ആദ്യം പറയാൻ മടിച്ചു. പിന്നീട് കോളേജിലടക്കം ആണായിത്തന്നെ അഭിനയിച്ചു. ബിഎഎംഎസ് പഠനം മികച്ച രീതിയിൽ വൈദ്യരത്നം കോളേജിൽ നിന്ന് പൂർത്തിയാക്കി. പട്ടാമ്പി, തൃപ്പൂണിത്തുറ, കണ്ണൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് മുഖംമൂടി മാറ്റി പെണ്ണിനെ പുറത്തെടുത്തത്. ജീവിക്കണമെന്ന ആഗ്രഹം ശക്തമായത്. തൃശൂർ സീതാറാം ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ ശസ്ത്രക്രിയക്ക് തീരുമാനിച്ചു.

മൂന്നു വർഷത്തോളം അതിനായി ഗവേഷണം. അതുവരെ ജീവിതത്തിൽ സ്വകാര്യമായിരുന്ന കാര്യം എല്ലാവരോടും പങ്കുവയ്ക്കാൻ തയ്യാറെടുപ്പ് അത്യാവശ്യമായിരുന്നു. തനിക്ക് പെണ്ണായി ജീവിക്കണമെന്ന് തുറന്നുപറഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി. സമൂഹം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും പങ്കുവച്ചു. എന്നാൽ സമൂഹത്തിനു പിന്നാലെയല്ല സ്വന്തം ബോധ്യത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവരുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ടായിരുന്നു. ഡോക്ടറായതിനാൽ ആധികാരികമായി ചോദ്യങ്ങൾക്ക് മറുപടി നൽകാനുമായി. പിന്നീട് അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയമ്മയുമെല്ലാം ഒപ്പം നിന്നു. ഹോർമോൺ ചികിത്സ കഴിഞ്ഞു. ഇനി ശബ്ദമാറ്റത്തിനടക്കം ചികിത്സ ബാക്കിയുണ്ട്. മുഖംമൂടികളില്ലാതെ തലയയുർത്തി ജീവിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രിയ പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gMCLq7

Comments

Archive

Contact Form

Send