ചെന്നിത്തലയ്ക്കും സുരേന്ദ്രനും ഒരേ സ്വരം: എ വിജയരാഘവൻ
മലപ്പുറം
രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ഒരേ സ്കൂളിലെ പൂർവ വിദ്യാർഥികളെപ്പോലെയാണ് പെരുമാറുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നതുമാത്രമാണ് പ്രതിപക്ഷ നേതാവിന്റെയും വാക്കുകൾ. ഒരേ ഭാഷയും സംസാരശൈലിയുമാണ് രണ്ടാൾക്കും. ദൂരെനിന്ന് കേട്ടാൽ ഒന്ന് മറ്റൊന്നിന്റെ മാറ്റൊലിയെന്നേ തോന്നൂ. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ ജനകീയ പിൻബലം വർധിക്കുന്ന ഭയത്തിലാണ് യുഡിഎഫ്. പ്രതിപക്ഷത്തിന്റെ അടിത്തറ തകർന്നു. കേരള കോൺഗ്രസ് എം പോയതോടെ ചിറകറ്റ പക്ഷിയായി. ലീഗിന്റെ രണ്ട് എംഎൽഎമാർ പണം തട്ടിയതിന് ജയിലിലാണ്. ഈ അഴിമതിക്കാരുടെ കൈയ്യിലേക്ക് നാടിനെ നൽകാൻ ജനങ്ങൾ തയ്യാറല്ല. തിരിച്ചടി മറികടക്കാൻ ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും കൂട്ടിച്ചേർത്ത് അവർ മുന്നണി വിപുലീകരിച്ചു.
ഡൽഹിയിലെ ബിജെപിയല്ല കേരളത്തിലേതെന്നാണ് ലീഗ് വാദം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുകൂടുകയെന്ന സിദ്ധാന്തം നടപ്പാക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി നാട്ടിൽ തിരിച്ചെത്തിയത്. മോഡിക്കെതിരെ ഒരുവാക്കുപോലും പ്രതിപക്ഷ നേതാവ് പറയുന്നില്ല. ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമായി സന്ധിചെയ്യുന്നത് നാട്ടുകാർ കാണുന്നില്ലെന്നാണോ ഇവർ കരുതുന്നത്. ഏറ്റവും ഹീനമായ അവസരവാദ രാഷ്ട്രീയ സഖ്യമാണ് യുഡിഎഫുണ്ടാക്കിയത്. ആ സഖ്യത്തിനുള്ള മറുപടി ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തോൽവി ഉറപ്പായതോടെ അപവാദ പ്രചാരണം
തോൽവി ഉറപ്പായതോടെ ആരെക്കുറിച്ചും എന്തും പറയുകയാണ് യുഡിഎഫ്. അസത്യത്തിന്റെ അകമ്പടിയോടെ അപവാദ പ്രചാരണം നടത്തുന്നു. അഴിമതിയിൽ കഴുത്തോളംമുങ്ങിയ ചെന്നിത്തല മുഖ്യമന്ത്രിയെയും സ്പീക്കറെയും അപകീർത്തിപ്പെടുത്തുന്നു. എൽഡിഎഫ് അധികാരത്തിൽ തുടർന്നാൽ കള്ളമെല്ലാം തെളിയുമെന്ന ഭയമാണവർക്ക്.
ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രത്തിന്റെ സഹായംപറ്റുകയാണ്. അഞ്ച് മാസമായി ഒന്നും കണ്ടുപിടിക്കാത്ത കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതികളെ ഭീഷണിപ്പെടുത്തി പലതും എഴുതിവാങ്ങുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ എന്തെങ്കിലും പറയിക്കാൻ പറ്റുമോയെന്നാണ് നോക്കുന്നത്. കമ്യൂണിസ്റ്റുകാരെ ജനങ്ങൾക്കറിയാം. ഇടതുപക്ഷത്തെ ഈ നാട് സംരക്ഷിക്കും. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഇടതുതുടർഭരണമുണ്ടാകും–- അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3772Qgm
Comments