കല്ലാമലയിൽ കൈപ്പത്തി വിട്ട് കോൺഗ്രസ്, കീഴടങ്ങി മുല്ലപ്പള്ളി
കോഴിക്കോട് > വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ വിമത സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിന്റെ കീഴടങ്ങൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിൻബലത്തിൽ പത്രിക സമർപ്പിച്ച് കൈപ്പത്തി ചിഹ്നവും നേടിയ കെ പി ജയരാജനാണ് മത്സരത്തിൽനിന്ന് പിന്മാറിയത്.
ഇതോടെ ആർഎംപിക്കും കോൺഗ്രസിലെ വിരുദ്ധ ഗ്രൂപ്പുകൾക്കും മുന്നിൽ കെപിസിസി പ്രസിഡന്റ് നാണംകെട്ടു. ജനകീയ മുന്നണിയായി മത്സരിക്കുന്ന യുഡിഎഫ് കല്ലാമല ഡിവിഷൻ ആർഎംപിക്ക് നൽകിയിരുന്നു. ആർഎംപിയുടെ സുഗതനെ സ്ഥാനാർഥിയുമാക്കി.
എന്നാൽ മുല്ലപ്പള്ളിയുടെ വീട് നിൽക്കുന്ന ഡിവിഷൻ കോൺഗ്രസിന് വേണമെന്ന് ഒരുവിഭാഗം വാശിപിടിച്ചു. അങ്ങനെ ബ്ലോക്ക് നേതാവായ ജയരാജൻ വിമത സ്ഥാനാർഥിയായി. ചതിയെന്ന് വിലപിച്ച ആർഎംപി കെ മുരളീധരൻ എംപിയിലൂടെ മുല്ലപ്പള്ളിക്കെതിരെ ഭീഷണിമുഴക്കി. മുല്ലപ്പള്ളിയെ വിമർശിച്ച് മുരളീധരൻ വടകരയിലെ പ്രചാരണത്തിൽനിന്ന് പിന്മാറി. എ ഗ്രൂപ്പും ഐയിലെ നല്ലൊരു വിഭാഗവും കൈവിട്ടതോടെ സമ്മർദത്തിലായ മുല്ലപ്പള്ളി ഗതിയില്ലാതെ കീഴടങ്ങി.
ബുധനാഴ്ച രാവിലെയാണ് വിമതനായ ജയരാജനോട് മത്സരത്തിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ കെപിസിസി ഭാരവാഹിയടക്കം കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് തീരുമാനത്തിൽ യോജിപ്പില്ല. നേതൃത്വം ആവശ്യപ്പെട്ടതിനാൽ പ്രചാരണം നിർത്തുന്നെന്ന് ജയരാജൻ പറഞ്ഞു. തന്നെ ഉപകരണമാക്കി കെപിസിസി പ്രസിഡന്റിനെ ആക്രമിക്കുന്നതിനാലാണ് മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2VwY0T9
Comments