വിളസംഭരണം: പ്രധാനമന്ത്രി കേരളത്തെ മാതൃകയാക്കണം: കിസാൻസഭ
ന്യൂഡൽഹി > വിള സംഭരണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്രത്തോട് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. കേരളത്തിലെയോ രാജ്യത്തെയോ കാർഷികമേഖലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പുലർത്തുന്ന അജ്ഞതയാണ് അദ്ദേഹത്തിന്റെ പ്രസ്താവന വെളിപ്പെടുത്തുന്നതെന്ന് കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു. അല്ലെങ്കിൽ പ്രധാനമന്ത്രി ബോധപൂർവം നുണ പറയുകയാണ്. എപിഎംസി നിയമമോ മണ്ഡികളോ ഇല്ലാത്ത കേരളത്തിൽ എന്തിനാണ് പ്രതിഷേധം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.
കേരളം, മണിപ്പുർ, ജമ്മു–-കശ്മീർ എന്നിവിടങ്ങളിൽ എപിഎംസി നിയമമില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനു പകരം കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതിനു സമാനമായ നടപടികൾ സ്വീകരിക്കണം.
കേരളത്തിലെ കൃഷിയിടങ്ങളിൽ 82 ശതമാനത്തിലും നാളികേരം, റബർ, തേയില, കാപ്പി, കുരുമുളക്, കശുവണ്ടി, ഏലം എന്നീ വാണിജ്യവിളകളാണ്. ഇവയുടെ വിപണനത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രത്യേക സംവിധാനമുണ്ട്. ഓരോന്നിനും പ്രത്യേക ബോർഡുകളുണ്ട്. സംസ്ഥാനത്ത് ലേലസമ്പ്രദായവും നിലനിൽക്കുന്നു.
ഇതിൽ കൊപ്ര ഒഴികെയുള്ളവയുടെ വില ആഗോളവിപണിയെ ആശ്രയിച്ചാണ് നിർണയിക്കപ്പെടുന്നത്. രാജ്യത്തിന് ഈ വാണിജ്യവിളകൾ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്നു. മൂന്ന് ദശകമായി വിവിധ കേന്ദ്രസർക്കാരുകൾ ആസൂത്രിതമായി വാണിജ്യവിള ബോർഡുകളെ ദുർബലപ്പെടുത്തുകയാണ്. ബിജെപി, കോൺഗ്രസ് സർക്കാരുകൾ ഒപ്പിട്ട ആസിയാൻ സ്വതന്ത്രവ്യാപാര കരാറുകൾ രാജ്യത്ത് വാണിജ്യവിളകളുടെ വിലത്തകർച്ചയ്ക്ക് ഇടയാക്കി. നവഉദാരനയങ്ങൾ തീവ്രമായി നടപ്പാക്കിയത് കേരളത്തിൽ മുമ്പ് കർഷകരുടെ ആത്മഹത്യക്ക് ഇടയാക്കി.
2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചതും കർഷകആത്മഹത്യക്ക് തടയിട്ടതും.
വിളകളുടെ വിലയിടിവ് ഉണ്ടായപ്പോഴെല്ലാം സഹകരണസംഘങ്ങൾ വഴി സംഭരണം നടത്തി എൽഡിഎഫ് സർക്കാരുകൾ ഫലപ്രദമായി ഇടപെട്ടു. ക്വിന്റലിന് 2,748 രൂപയ്ക്കാണ് കേരളം നെല്ല് സംഭരിക്കുന്നത്; കേന്ദ്രം നിശ്ചയിച്ച എംഎസ്പിയെക്കാൾ 900 രൂപ കൂടുതൽ. നെൽകൃഷിക്കാർക്ക് ഹെക്ടറിന് 2,000 രൂപ വീതം റോയൽറ്റിയും നൽകി. 16 പച്ചക്കറി–-പഴം ഇനത്തിന് അടിസ്ഥാനവിലയും പ്രഖ്യാപിച്ചു.
ബിജെപി ഭരണത്തിലുള്ള ബിഹാറിൽ 2006ൽ എപിഎംസി മണ്ഡികൾ ഇല്ലാതാക്കിയതിന്റെ കാരണം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/37RPMMu
Comments