ജമാഅത്തെ ബന്ധം മതേതര ചേരിക്ക് ദോഷം:- സത്താർ പന്തല്ലൂർ
കോഴിക്കോട്> മതരാഷ്ട്രവാദികളായ ജമാഅത്തെയുമായുള്ള കൂട്ടുകെട്ട് മതേതര ചേരിക്ക് ഉചിതമല്ലെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ( ഇ കെ വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വ്യക്തമാക്കി.
മുന്നണി മാറുമ്പോഴേക്കും തീവ്രവാദികൾ മതേതര വാദികളാകുന്നതിലെ രസതന്ത്രം മനസിലാകുന്നില്ല. ദൈവ വിശ്വാസം, നിരീശ്വര വാദം, തീവ്രവാദം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നത് വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് രാജ്യത്തിന്റെ മതേതര പാരമ്പര്യവും ഭരണഘടനയും അടിസ്ഥാനമാക്കിയാണ്. സമസ്തയുടെ പ്രവർത്തകർക്ക് വ്യക്തമായ ആദർശവും അസ്തിത്വവും ഉണ്ട്. അതിനാൽ വോട്ട് തേടുന്നതടക്കമുള്ള കാര്യത്തിൽ ആദർശം പണയപ്പെടുത്താൻ ഒരു പ്രവർത്തകനും മുതിരില്ലെന്നും സത്താർ പറഞ്ഞു.
എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്നവേഷൻ ട്വന്റി പ്ലസ് എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്താർ .
കൊടുവള്ളി രിയാളു സ്വാലിഹീൻ കാംപസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുബഷിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് , നാസർ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി പേരാൽ,എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3mI1yxP
Comments