ഷോപ്പിങ്‌ മാളില്‍ നടിയെ അപമാനിച്ച കേസ്‌: പ്രതികൾ റിമാൻഡിൽ

കൊച്ചി > നഗരത്തിലെ ഷോപ്പിങ് മാളില് യുവനടിയെ അപമാനിക്കാന് ശ്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശികളായ കരിമല ചെണ്ണൻകുന്നൻ സി കെ റംഷാദ് (24), മടശേരി ആദിൽ മുഹമ്മദ് (24) എന്നിവരെ കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കളമശേരി കുസാറ്റ് സിഗ്നല് ജങ്ഷനു സമീപം ഞായറാഴ്ചയാണ് ഇവരെ പൊലീസ് പിടികൂടിയത്. അഭിഭാഷകനൊപ്പം കാറില് വരികയായിരുന്നു പ്രതികൾ. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പുപറയാൻ തയ്യാറാണെന്നും പ്രതികൾ അറിയിച്ചിരുന്നു. മാളിൽ തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ഉടനടി ഇടപെട്ട മാധ്യമങ്ങൾക്കും പൊലീസിനും നന്ദി അറിയിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.

ഷോപ്പിങ് മാളില് നേരിട്ട ദുരനുഭവം യുവനടി ഇന്സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് വിവാദമായതോടെ കൊച്ചി സിറ്റി പൊലീസ് കമീഷണര് വിജയ് സാഖറെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന് കളമശേരി പൊലീസിന് നിര്ദേശം നല്കുകയായിരുന്നു. പ്രതികൾ മാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3paQaLz

Comments

Archive

Contact Form

Send