വ്യാജ ഏറ്റുമുട്ടൽ കൊല: സൈനികോദ്യോഗസ്ഥന് കുറ്റപത്രം
ശ്രീനഗർ
ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ അംഷിപോരയിലുണ്ടായ വ്യാജ ഏറ്റുമുട്ടലിൽ മൂന്ന് യുവാക്കളെ വധിച്ച സംഭവത്തിൽ കരസേന ക്യാപ്റ്റൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കുറ്റപത്രം. ഷോപിയാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 62–-ാം രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ഭൂപീന്ദർ, പുൽവാമ സ്വദേശി ബിലാൽ അഹമ്മദ്, ഷോപിയാൻ സ്വദേശി തബീഷ് അഹമ്മദ് എന്നിവരാണ് പ്രതികളെന്ന് പ്രത്യേക അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി വജാഹത് ഹുസൈൻ പറഞ്ഞു.
ഭീകരരെന്ന് ആരോപിച്ചാണ് രജൗരി ജില്ലയിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത ഒരാളടക്കം തൊഴിലാളികളായ മൂന്നുപേരെ ജൂലൈ 18ന് സൈന്യം വെടിവച്ചുകൊന്നത്. ഇവർക്ക് ഭീകരപ്രവർത്തനവുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തിയെന്ന് സൈന്യം വ്യാഴാഴ്ച ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ സായുധസേനാ പ്രത്യേകാധികാര നിയമം(അഫ്സ്പ) പ്രകാരമുള്ള അധികാരം ദുരുപയോഗിച്ചെന്ന് സൈന്യം നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ജോലി തേടി എത്തിയ അബ്റാർ അഹമ്മദ്(25), മൊഹമ്മദ് ഇബ്റാർ(16), ഇംതിയാസ് അഹമ്മദ് (20) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ രംഗത്തുവന്നതോടെയാണ് വ്യാജ ഏറ്റുമുട്ടൽ പുറത്തായത്. കുടുംബത്തിന്റെ പരാതിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇവർ രജൗരി ജില്ലക്കാരാണെന്ന് കണ്ടെത്തി. മറവുചെയ്ത മൃതശരീരങ്ങൾ പുറത്തെടുത്ത് അന്ത്യകർമങ്ങൾക്കായി കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/3hkAT8x
Comments