ബാർകോഴ: ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു
തിരുവനന്തപുരം > ബാർകോഴ ആരോപണത്തിൽ മുൻമന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നതുസംബന്ധിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് കഴിഞ്ഞ ദിവസം ഗവർണർക്ക് നേരിട്ട് വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ചില ഫയലുകൾകൂടി ആവശ്യപ്പെട്ടത്.
മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിന് സർക്കാരാണ് നേരത്തേ അനുമതി തേടിയത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്ക് ലക്ഷങ്ങൾ കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തീരുമാനിച്ചത്.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഒരു കോടി നൽകിയെന്നാണ് വെളിപ്പെടുത്തൽ. ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു. വി എസ് ശിവകുമാർ, കെ ബാബു എന്നിവർ മന്ത്രിമാരായിരുന്നതിനാലാണ് നിയമനാധികാരിയായ ഗവർണറുടെ അനുമതി തേടിയത്.
Credits Kerala || Deshabhimani Online News https://ift.tt/2JVnY0n
Comments