കുടുംബത്തെ ആക്ഷേപിക്കൽ; ബി ഗോപാലകൃഷ്‌ണനെതിരെ ഹിന്ദുഐക്യവേദി നേതാവ്

തൃശൂർ > ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കുടുംബത്തെയും അമ്മയേയും ആക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദുഐക്യവേദി നേതാവ് പൊലീസിൽ പരാതി നൽകി. ഹിന്ദുഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തൃശൂർ ബിജെപിയിലെ ചേരിപ്പോരിനെത്തുടർന്ന് ഗോപാലകൃഷ്ണൻ തൃശൂർ കോർപറേഷനിൽ ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടംകുളങ്ങര ഡിവിഷനിൽ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപം.

കേശവദാസിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രം സഹിതമാണ് പ്രചാരണം. ‘പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് സ്വന്തം അമ്മയെ വിൽക്കുന്നതിന് തുല്യം. കുട്ടൻകുളങ്ങരയിൽ ബിജെപിയെ തോൽപ്പിച്ചതിന്റെ ആഘോഷം’ എന്നിങ്ങനെയാണ് ആക്ഷേപം. കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത പിറന്നാളാഘോഷ ചടങ്ങിന്റെ ഫോട്ടോ സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഇത് തന്നെ വ്യക്തിപരമായി മാത്രമല്ല കുടുംബത്തേയും പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും കരിവാരിത്തേക്കാനാണെന്ന് കേശവദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ബി ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഉണ്ടാക്കിയ വ്യാജ അക്കൗണ്ടാണിത്. ഇതിലെ പോസ്റ്റുകൾ ഇത് വ്യക്തമാക്കുന്നു. ഗോപാലകൃഷ്ണന്റെ സന്തതസഹചാരിയായ ബാബുരാജ് ആണ് ഈ അക്കൗണ്ടുണ്ടാക്കിയത്. തന്നെ ആക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് ഗോപാലകൃഷ്ണൻ മറ്റുള്ളവർക്ക് ഷെയർ ചെയ്തിട്ടുണ്ട്. താനാണ് തോൽവിക്ക് കാരണമെന്ന് ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചിരുന്നു. ഇത്തരം ആക്ഷേപങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും കേശവദാസ് പറഞ്ഞു.

കുട്ടൻകുളങ്ങരയിൽ നിലവിലെ കൗൺസിലറും കേശവദാസിന്റെ ഭാര്യാമാതാവുമായ ലളിതാംബികയെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രാദേശിക ആവശ്യം. ഇത് മാനിക്കാതെ ഗോപാലകൃഷ്ണനെ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിലെ സ്ഥാനം രാജിവച്ചിരുന്നു. മറ്റു പല കൗൺസിലർമാർക്കും വീണ്ടും അവസരം നൽകിയപ്പോൾ തന്നെ പരിഗണിക്കാതെ അപമാനിച്ചതായി ലളിതാംബിക രാജിക്കത്തിൽ പറഞ്ഞിരുന്നു. ലളിതാംബികയുടെ രാജിയെത്തുടർന്ന് ഒരു വിഭാഗം ആർഎസ്എസ്–-ബിജെപി പ്രവർത്തകർ പരസ്യമായി ഗോപാലകൃഷ്ണനെതിരെ രംഗത്ത് വന്നിരുന്നു. ഈ തർക്കത്തിനൊടുവിലാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് സംസ്ഥാന ബിജെപിയിലും തമ്മിലടി മൂർച്ഛിക്കുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nFZSFt

Comments

Archive

Contact Form

Send