ഡൽഹികലാപം : ഇരകളുടെ അഭിഭാഷകനെതിരെ കേസെടുത്തത്‌ വിവാദത്തിൽ


ന്യൂഡൽഹി
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇരകൾക്കുവേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകന് എതിരെ കേസെടുത്ത പൊലീസ് നടപടി വിവാദത്തിൽ. അഡ്വ. മഹ്മൂദ് പ്രാചയ്ക്ക് എതിരെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കേസെടുത്തത്.

വ്യാഴാഴ്ച മഹ്മൂദ് പ്രാചയുടെ കിഴക്കൻ നിസാമുദീനിലെ ‘ലീഗൽആക്സിസ്’ നിയമസ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തി. കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ വ്യാജരേഖകൾ ചമച്ചെന്ന പേരിൽ മഹ്മൂദ് പ്രാചയ്ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പകൽ 12 മുതൽ പുലർച്ചെ മൂന്നുവരെ തെരച്ചിൽ നടത്തിയ പൊലീസ് ഓഫീസിലും കംപ്യൂട്ടറിലും സൂക്ഷിച്ചിരുന്ന നിർണായകരേഖകൾ പിടിച്ചെടുത്തതായി മഹ്മൂദ് പ്രാച ആരോപിച്ചു. റെയ്ഡിന് എതിരെ മഹ്മൂദ് പ്രാച ഡൽഹി കോടതിയെ സമീപിച്ചു. റെയ്ഡിനിടെ ചിത്രീകരിച്ച മുഴുവൻ വീഡിയോ സഹിതം അന്വേഷണഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് പട്യാലഹൗസ് കോടതിയിലെ ഡ്യൂട്ടി മജിസ്ട്രേറ്റ് അൻശൂൽസിങ് ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരിൽ ഒരാളുടെ പരാതിയിൽ പൊലീസ് മഹ്മൂദ് പ്രാചയ്ക്ക് എതിരെ കേസെടുത്തത്. മഹ്മൂദും അദ്ദേഹത്തിന്റെ സഹായികളും ചേർന്ന് റെയ്ഡ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി.

ഡൽഹി കലാപത്തിന്റെ ഇരകൾക്കും കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതിയുള്ളവർക്കുംവേണ്ടിയാണ് മഹ്മൂദ് പ്രാച ഹാജരാകുന്നത്. ഡൽഹികലാപവുമായി ബന്ധപ്പെട്ട 150 കേസെങ്കിലും ‘ലീഗൽ ആക്സിസ്’ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജൂനിയർ അഡ്വ. ദിഗ്വിജയ്സിങ് പറഞ്ഞു.

അഭിഭാഷകസംഘടനകളും മുതിർന്ന അഭിഭാഷകരും പൊലീസ് നടപടിക്ക് എതിരെ രംഗത്തെത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് കേസുകളിൽ ഹാജരാകുന്ന അഭിഭാഷകന്റെ ഓഫീസ് റെയ്ഡ് ചെയ്തതും കേസെടുത്തതും.



Credits National || Deshabhimani ​Online ​News https://ift.tt/3nTWHKA

Comments

Archive

Contact Form

Send