കരുനീക്കം പാളി: അഡ്വ. ടി ഒ മോഹനൻ കണ്ണൂർ മേയറാകും, കെ സുധാകരന് തിരിച്ചടി
കണ്ണൂ> കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ കരുനീക്കങ്ങളെ പരാജയപ്പെടുത്തി അഡ്വ. ടി ഒ മോഹനൻ കണ്ണൂർ കോർപ്പറേഷൻ മേയറാകും. യുഡിഎഫിന് ഭരണം കിട്ടിയ സംസ്ഥാനത്തെ ഏക കോർപ്പറേഷനായ കണ്ണൂരിൽ കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് മേയർ സ്ഥാനാർഥിയെ കണ്ടെത്തിയത്. ടി ഒ മോഹനന് പതിനൊന്നും പി കെ രാഗേഷിന് ഒമ്പതും വോട്ടുകിട്ടി. പി കെ രാഗേഷിന്റെ പരാജയം കെ സുധാകരന് കനത്ത തിരിച്ചടിയായി. 55ൽ 34 സീറ്റാണ് യുഡിഎഫിന്. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് യോഗത്തിൽ നിരീക്ഷകനായി.
മേയർ സ്ഥാനം സംബന്ധിച്ച് സമവായമാകാത്തതിനെതുടർന്നാണ് വോട്ടെടുപ്പ് നടത്താൻ കെപിസിസി നിർദേശിച്ചത്. പി കെ രാഗേഷിനെ മേയറാക്കുന്നതിന് കെ സുധാകരന്റെ നേതൃത്വത്തിലാണ് കരുനീക്കങ്ങൾ നടത്തിയത്. ജാതി സംഘടനകളെ ഉപയോഗിച്ച് നേതൃത്വത്തെ സമ്മർദത്തിലാക്കാനും ശ്രമം നടന്നു. മൂന്ന് ജാതിസംഘടനകളാണ് പി കെ രാഗേഷിനുവേണ്ടി രംഗത്തിറങ്ങിയത്.
വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതോടെ പി കെ രാഗേഷും കെ സുധാകരന്റെ മകനുമടക്കമുള്ളവർ ശനിയാഴ്ച രാത്രി കൗൺസിലർമാരെ സ്വാധീനിക്കാൻ ഇറങ്ങി. വൻ തുകയടക്കമുള്ള ഓഫറാണ് ഇവർ കൗൺസിലർമാർക്കുമുന്നിൽ വച്ചത്. ചിലർക്കുനേരെ ഭീഷണിയുമുണ്ടായി. ഞായറാഴ്ച രാവിലെ ഡിസിസി ഓഫീസിലായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ യോഗം. നേരത്തെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മാർട്ടിൻ ജോർജിന് സംഘടനാ ചുമതല വാഗ്ദാനം ചെയ്താണ് ജില്ലാ നേതൃത്വം പിന്തിരിപ്പിച്ചത്. ടി ഒ മോഹനന്റെ വോട്ട് കുറയാതിരിക്കാനുള്ള ആസൂത്രണം കൂടിയായിരുന്നു മാർട്ടിൻ ജോർജിന്റെ പിൻമാറ്റം. കെ സുധാകരനെതിരായ വിശാലമായ സഖ്യംകൂടി പി കെ രാഗേഷിനെ തോൽപ്പിക്കാനായി രൂപപ്പെട്ടു.
ചാല ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി ഒ മോഹനൻ കെപിസിസി അംഗമാണ്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയും കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. കണ്ണൂർ ജവഹർ ലൈബ്രറി ചെയർമാനാണ്.
Credits Kerala || Deshabhimani Online News https://ift.tt/3hnExyw
Comments