ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി; സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി

തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില് പ്രഖ്യാപിച്ചു. മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. സര്വകലാശാലകള്ക്ക് കിഫ്ബിയില് നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കും. അഫിലിയേറ്റഡ് കോളജുകള്ക്ക് ആയിരം കോടി രൂപ നല്കുമെന്നും ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തില് അറിയിച്ചു.

സര്വകലാശാലകളില് മുപ്പത് മികവിന്റെ കേന്ദ്രങ്ങള് ആരംഭിക്കും. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള് നികത്തും. ഉന്നതവിദ്യാഭ്യാസ മേഖലയില് അഞ്ച് ലക്ഷം വിദ്യാര്ഥികള്ക്ക് കൂടുതല് പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 500 ഫെലോഷിപ്പുകള് ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി മാറ്റിവെയ്ക്കും. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്സ് 50 രൂപ വര്ധിപ്പിച്ചു. പ്രീപ്രൈമറി ആയമാര്ക്ക് 10 വര്ഷം വരെ 500 രൂപയും 10 വര്ഷത്തിനു മേല് ആയിരം രൂപയും വേതനം വര്ധിപ്പിക്കും. സ്കൂളുകളിലെ സൈക്കോളജിസ്റ്റ് കൗണ്സിലറുടെ വേതനം 24,000 രൂപയാക്കി വര്ധിപ്പിച്ചു.

ആരോഗ്യ സര്വകലാശാല ഗവേഷണകേന്ദ്രത്തിന് ഡോ.പല്പ്പുവിന്റെ പേര് നല്കും. തൃശൂര് മെഡിക്കല് കോളജിനെ ക്യാംപസ് മെഡിക്കല് കോളജായി രൂപാന്തരപ്പെടുത്തും. ശ്രീനാരായണാ ഓപ്പണ് യൂണിവേഴ്സിറ്റിക്കും സാങ്കേതിക സര്വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും. പിജിയുടേയും പികെവിയുടെയും സ്മാരകമായി ആലപ്പുഴ യുസി കോളജില് ലൈബ്രറി ആരംഭിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nFIQGM

Comments

Archive

Contact Form

Send