അവരിരുന്നു, അതേ ബഞ്ചിൽ, രണ്ടുകാലങ്ങളിൽ ; അമ്പതാണ്ട്‌ മുമ്പ്‌ പഠിച്ച സ്‌കൂളിൽ മന്ത്രിയെത്തി


കാലത്തിന്റെ കണക്കിൽ അരനൂറ്റാണ്ടിന്റെ അകലമുണ്ട് അവർക്കിടയിൽ, ഒന്നിച്ചിരുന്നപ്പോൾ അരനിമിഷത്തിന്റെപോലും അകലമില്ലാതെ അവ അലിഞ്ഞുതീർന്നു. അമ്പതുവർഷം മുമ്പ് പഠിച്ച പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ അതേ ക്ലാസ് മുറിയിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കടന്നുവന്നപ്പോൾ ക്ലാസിൽ നിറയെ കുട്ടികളില്ല. അകലം പാലിച്ച് ബഞ്ചുകളിൽ രണ്ടുപേർമാത്രം. മുഖം മറച്ച് മാസ്കുകൾ. തന്റെ പഴയ ബഞ്ച് നോക്കി അദ്ദേഹം ഇരുന്നു, അവർക്കൊപ്പം.

മഹാമാരി തീർത്ത പ്രതിസന്ധിയും കടന്ന് സ്കൂൾ മുറ്റം ഉണർന്നപ്പോൾ കുട്ടികൾക്ക് കരുതലിന്റെയും അതിജീവനത്തിന്റെയും സന്ദേശംപകരാനാണ് മന്ത്രിയെത്തിയത്. പത്താംക്ലാസിലെ ഓർമച്ചിത്രങ്ങൾ മന്ത്രി രവീന്ദ്രനാഥിന്റെ മനസ്സിൽ തെളിഞ്ഞു. പത്തിൽ പഠിക്കുമ്പോൾ മുൻ മന്ത്രി പി പി ജോർജിന്റെ ഭാര്യ റീത്തയായിരുന്നു ക്ലാസ് ടീച്ചർ. നിലവിൽ ലോജിയാണ് ആ ക്ലാസിൽ അധ്യാപിക. കോവിഡ് പ്രതിരോധത്തിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും അകലം പാലിക്കേണ്ടതിന്റെയും പ്രധാന്യം കുട്ടികളോട് പങ്കുവച്ചതായി മന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഹൈടെക് സ്കൂളാണ് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ്. നന്തിക്കര ജിഎച്ച്എസ്എസ്, പുതുക്കാട് ജിവിഎച്ച്എസ്എസ് എന്നിവയും മന്ത്രി സന്ദർശിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം പത്താംക്ലാസ്, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസുകൾ ആരംഭിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2L9P2cv

Comments

Archive

Contact Form

Send