വരുന്നൂ, ജലാശയങ്ങളിൽ വൻ സോളാർ പാനലുകൾ ;സാധ്യതാ പരിശോധന തുടങ്ങി
തിരുവനന്തപുരം
സംസ്ഥാനത്തെ ജലസേചന പദ്ധതി പ്രദേശങ്ങളിൽ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതാ പരിശോധന ആരംഭിച്ചു. ഇടമലയാർ ജലസേചന പദ്ധതി പ്രദേശത്ത് 4,01,273.95 ചതുരശ്രമീറ്ററും പെരിയാർ വാലി പദ്ധതിയിൽ പെരുമ്പാവൂരിന് കീഴിൽ 6,27,236 ച.മീറ്ററും പിവിഐപി ഡിവിഷന്റെ കീഴിൽ 3316.71 ച. മീറ്ററും ചാലക്കുടി റിവർ ഡൈവർഷൻ സ്കീമിൽ 34,140 ചതുരശ്ര മീറ്ററും സോളാർ പാനൽ സ്ഥാപിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ റിസർവോയർ പ്രദേശത്തും മൂവാറ്റുപുഴ പദ്ധതിയുടെ പ്രധാന കനാലിന്റെയും മുകളിൽ 80 കിലോമീറ്റർ ദൂരത്തും സോളാർ പാനലുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ, തിരുമല ജലസംഭരണികളിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകൾ കഴിഞ്ഞ ഒക്ടോബറോടെ പ്രവർത്തനം ആരംഭിച്ചു. 2.12 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഓരോ പ്ലാന്റുകളുടെയും ശേഷി 100 കിലോവാട്ട് വീതമാണ്. ബാറ്ററി ഉപയോഗിക്കാതെയുള്ള സംവിധാനമാനമായതിനാൽ ലഭ്യമാകുന്ന ഊർജം പരമാവധി ഉപയോഗിക്കാനും അറ്റകുറ്റപ്പണികളുടെ ചെലവ് കുറയ്ക്കാനും കഴിയും.
ജല അതോറിറ്റിയും ജലസേചന വകുപ്പുമാണ് അവരുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ സോളാർ പാനലുകൾ വിന്യസിക്കുന്നത്. വകുപ്പുകളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ പുരപ്പുറത്തും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സോളാർ പാനലുകൾ സ്ഥാപിക്കും. 1000 മെഗാവാട്ട് സൗരോർജമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുന്നതോടെ ജലഅതോറിറ്റിക്ക് ഒരു വരുമാന മാർഗം കൂടിയാകും.
Credits Kerala || Deshabhimani Online News https://ift.tt/3nVnOUS
Comments