പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിയും എം എല് എ യും ബിജെപിയിലേക്ക് , സ്ഥാനങ്ങള്‍ രാജിവെച്ചു
പുതുച്ചേരി> പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്ഗ്രസ് നേതാവുമായ എ നമ:ശിവായവും എം എല് എ ദീപാഞ്ജ്ജനും ബിജെപിയിലേക്ക്. മന്ത്രിസ്ഥാനം രാജിവെച്ച് തിങ്കളാഴ്ച പകല് 12മണിയോടെ മുഖ്യമന്ത്രിക്ക് കത്ത് നല്കി. എം എല് എ സ്ഥാനം രാജിവെച്ച് സ്പീക്കര്ക്കും രണ്ടുപേരും കത്ത് നല്കി.
മുന് പിസിസി പ്രസിഡന്റ് കൂടിയാണ് നമ:ശിവായം. 27ന് ഡല്ഹിയിലെത്തി ബിജെപി അംഗത്വമെടുക്കുമെന്നാണ് നമ:ശിവായവുമായി അടുത്ത വൃത്തങ്ങള് പറയുന്നത്. പുതുച്ചേരി വില്യന്നൂര് മണ്ഡലത്തില് നിന്നുള്ള എംഎല്എയാണ് നമഃ ശിവായം. ഒസുഡു മണ്ഡലത്തില് നിന്നുള്ള എംഎല്എയാണ് ദീപാഞ്ജന്.' ഇതിനിടെ, കൂടുതല് എംഎല്എമാര് കോണ്ഗ്രസ് വിടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ഏക കോണ്ഗ്രസ് സംസ്ഥാനം പിടിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കത്തിനൊടുവിലാണ് മുന്പിസിസി പ്രസിഡന്റിനെയടക്കം ചാക്കിലാക്കിയത്. നമ:ശിവായം ബിജെപിയിലേക്കെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇത് മാധ്യമസൃഷ്ടിയാണെന്നായിരുന്നു മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രിയുമായുള്ള ഭിന്നതയും ബിജെപിയുടെ പ്രലോഭനവുമാണ് കോണ്ഗ്രസ് നേതാവിനെ പാര്ടിവിടാന് പ്രേരിപ്പിച്ചത്.
നമ:ശിവായം അനുകൂലിയാണ് ദീപാഞ്ജന്. ശനിയാഴ്ച വില്യന്നൂര് മണ്ഡലത്തിലെ കോണ്ഗ്രസ് പ്രവര്ത്തകരുമായി എ നമ:ശിവായം ആശയവിനിമയം നടത്തിയിരുന്നു. ശനിയാഴ്ച പുതുച്ചേരി, കാരയ്ക്കാല് മേഖലയിലെ 28 നിയോജകമണ്ഡലത്തിലെയും അനുയായികളുടെ യോഗവും ചേര്ന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കാമെന്നാണ് ബിജെപി വാഗ്ദാനം. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ 31ന് പുതുച്ചേരിയിലെത്തുന്നുണ്ട്.
പുതുച്ചേരിയില് ഒരുമണ്ഡലത്തിലും ഒറ്റക്ക് ജയിക്കാന് സാധിക്കാത്ത ബിജെപി വമ്പന് ഓഫറുമായാണ് കോണ്ഗ്രസ് നേതാക്കളെ വലവീശുന്നത്. അതൃപ്തരെയും സ്ഥാനമോഹികളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള ധര്ണയില് നിന്ന് മാറിനിന്നവരിലൊരാളാണ് എ നമ:ശിവായം. മാഹിയില് നിന്നുള്ള മുന്മന്ത്രി ഇ വത്സരാജും പുതുച്ചേരി ധര്ണയില് പങ്കെടുത്തിരുന്നില്ല.
Credits National || Deshabhimani Online News https://ift.tt/3a0hHJU
Comments