ഫെഡറൽ ഘടന തകർക്കരുത്; ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽ : ഗവർണർ
തിരുവനന്തപുരം
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെ വിവിധ കോണുകളിൽനിന്ന് വെല്ലുവിളി നേരിടുകയാണെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽനിന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാനും അവതരിപ്പിക്കാനും സർക്കാർ എന്നും ശ്രമിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നതും കേരളമായിരുന്നു. യോജിച്ചുള്ള വികസനപ്രക്രിയയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തുല്യപങ്കാളിയാകണമെന്ന ഫെഡറൽ തത്വ കാഴ്ചപ്പാടിൽ കേരളം വിട്ടുവീഴ്ച ചെയ്തിട്ടില്ല.
കോവിഡിൽ ചേർത്തുപിടിച്ചു
അധികാരമേറ്റതുമുതൽ വ്യത്യസ്തങ്ങളായ വെല്ലുവിളികൾ നേരിട്ടാണ് സർക്കാർ മുന്നോട്ടുപോയതെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ഇപ്പോൾ കോവിഡ് പ്രതിസന്ധിയും കേരളത്തെ വരിഞ്ഞുമുറുക്കി. സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 12ശതമാനവും വിദേശ നിക്ഷേപമാണ്. ആറുലക്ഷത്തോളം പ്രവാസികളുടെ തിരിച്ചുവരവ് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. 80,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കണക്കാക്കുന്നത്.
നയ പ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മൊഹമ്മദ്ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചേർന്ന് സ്വീകരിക്കുന്നു
ആർക്കും വിശന്നില്ല
ആരും വിശന്നിരിക്കരുത് എന്ന് ഉറച്ച നിലപാട് എടുത്ത സംസ്ഥാനമാണ് കേരളം. സമൂഹ അടുക്കളകൾ ഒരുക്കി. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണവും നൽകി. കോവിഡിന് സൗജന്യ ചികിത്സ നൽകുന്നതിനൊപ്പം മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യധാന്യക്കിറ്റ് തുടരുന്നുമുണ്ട്.
അടച്ചിടൽ പ്രഖ്യാപിച്ച ഉടൻ 20,000കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ക്ഷേമപെൻഷുകൾ കൃത്യമായി വിതരണംചെയ്യുന്നതിന് പുറമെ അത് ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആയിരം രൂപ വീതം നൽകി. 15ലക്ഷം കുടുംബങ്ങൾക്കാണ് ഇത് പ്രയോജനപ്പെട്ടത്.
2020 സെപ്തംബർ ഒന്നിന് 100ദിന കർമപരിപാടി പ്രഖ്യാപിച്ചു. 50,000 തൊഴിലവസരം പ്രഖ്യാപിച്ചു. അതിന് പുറമെ 1,16,440 തൊഴിലവസരം കൂടി സൃഷ്ടിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ 100ദിന പരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികൾ വികസനം തടയുന്നു
ചില കേന്ദ്രസർക്കാർ ഏജൻസികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിക്കുകയും അത് സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കാനും ഇതുവഴി കേന്ദ്രഏജൻസികൾ ശ്രമിച്ചു.
അടിസ്ഥാന സൗകര്യ വികസനം, സമഗ്രമായ സാമ്പത്തികവളർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് സർക്കാർ ഇതുവരെ പ്രവർത്തിച്ചത്. കിഫ്ബിവഴി 56,000കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 2016ൽ 600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1500രൂപയാക്കി ഉയർത്താനും സർക്കാരിന് സാധിച്ചു. ലൈഫിന് കീഴിൽ രണ്ടരലക്ഷം കുടുംബത്തിന് സുരക്ഷിത ഭവനമൊരുക്കി. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനും അതുവഴി ഒട്ടേറെ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.

എന്നും മുന്നിൽ
നിതി അയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ ഹാട്രിക് നേട്ടവുമായി കേരളം മുന്നിലാണെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും ഒന്നാമതായിരുന്നു. രാജ്യത്ത് മികച്ച ഭരണം നടത്തുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് പബ്ലിക് അഫയർ സെന്ററിന്റെ പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽനിന്നാണ്.
ആരോഗ്യമേഖല നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടി. വികസിത രാജ്യങ്ങൾക്ക് തുല്യമായി കുറഞ്ഞ ശിശുമരണനിരക്കുള്ള ഏക സംസ്ഥാനം, 2019ലെ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ അവാർഡ്, രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രം, 55 കുടുംബാരോഗ്യകേന്ദ്രത്തിന് എൻക്യുഎസ് അക്രഡിറ്റേഷൻ എന്നിവ നേടി.
2019ലെ എംപവർമെന്റ് ഓഫ് ദി ഡിഫറന്റലി ഏബിൾഡ് ദേശീയ അവാർഡ്, ഉത്തരവാദിത്ത ടൂറിസത്തിനും ടൂറിസം മിഷനും വേൾഡ് ട്രാവൽ മാർക്കറ്റ്, ഏഷ്യാ പസഫിക് ട്രാവൽ അസോസിയേഷൻ അവാർഡ്, മികച്ച അർബൻ ബസ് സർവീസിനുള്ള കേന്ദ്രമന്ത്രാലയ പുരസ്കാരം കൊച്ചി സ്മാർട്ട് ബസ് സർവീസിനും ലഭിച്ചു. നിതി അയോഗിന്റെ നാഷണൽ സ്കൂൾ എഡ്യുക്കേഷൻ ഇൻഡക്സിൽ പ്രഥമസ്ഥാനവും കേരളത്തിനാണെന്നും ഗവർണർ പറഞ്ഞു.
മഹാമാരിക്കാലത്തും നമ്മൾ ഉദാത്ത മാതൃക
ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോഴും കോവിഡിന് മുന്നിൽ അടിപതറാതെ പോരാടിയ നാടാണ് കേരളമെന്ന് ഗവർണർ പറഞ്ഞു. പ്രതിരോധത്തിനും കരുതലിനും ലോകമാകമാനമുള്ള പ്രശംസ നേടാൻ കേരളത്തിനായി. രോഗം ബാധിച്ചവരിലെ മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, പ്രതിദിന റിപ്പോർട്ട് ചെയ്യുന്ന കേസുകൾ എന്നിവ കുറച്ചുകൊണ്ടുവരാനും ഊർജിതശ്രമം തുടരുന്നു.
2020 ജനുവരിമുതൽ സംസ്ഥാനത്ത് കോവിഡ് കൺട്രോൾ റൂം, കോവിഡ് വാർറൂമുകളും ഒരുക്കി. കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന് മാത്രമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനും ഇൻഫർമേഷൻ, എഡ്യുക്കേഷൻ കമ്യൂണിക്കേഷൻ, (ഐഇസി) പ്രചാരണപരിപാടിയും ആരംഭിച്ച ഏക സംസ്ഥാനമാണ് കേരളം. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ബോധവൽക്കരണവും പ്രതിരോധവും നിർവഹിച്ചു.
പ്രതിരോധപ്രവർത്തനങ്ങൾക്ക് സുസ്ഥാപിത ഭരണസംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ കോർകമ്മിറ്റി, ചീഫ്സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ്, ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ ഗ്രൂപ്പ് എന്നിവ ഇക്കാര്യത്തിൽ ഇടപെട്ടു. വാർഡ് തലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമുകളും സജ്ജീകരിച്ചു.
പരിശോധിക്കുക, ഐസൊലേറ്റ് ചെയ്യുക, നിരീക്ഷിക്കുക എന്ന ഐസിഎംആർ പ്രോട്ടോകോളാണ് കേരളം നടപ്പാക്കിയത്. ദിശ ഹെൽപ്ലൈൻ സംശയങ്ങൾക്ക് മറുപടി നൽകി. ആവശ്യമുള്ളിടങ്ങളിലെല്ലാം പരിശോധന കിയോസ്കുകൾ ഒരുക്കി. രോഗികൾക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സ സൗജന്യമായി നൽകി. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണമുൾപ്പെടെ എന്താവശ്യങ്ങളും നിർവഹിച്ചു നൽകി. കോവിഡ് മുക്തർക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ഒരുക്കി.
20,000കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് നൽകിയും കുടിശ്ശിക തീർത്തുനൽകിയും ജനങ്ങൾക്കൊപ്പം സർക്കാർ നിന്നു. വിവിധ ക്ഷേമനിധി ബോർഡുകൾക്ക് കീഴിൽ 31.68ലക്ഷം ഗുണഭോക്താക്കൾക്ക് 355.59കോടിരൂപയുടെ സഹായം നൽകി. എല്ലാ കുടുംബങ്ങൾക്കും 300 കോടിരൂപയുടെ സൗജന്യ റേഷൻ വിതരണംചെയ്തു. സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നൽകുന്നു.
പ്രവാസികൾക്ക് ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകാൻ സൗജന്യയാത്രയുമായി കെഎസ്ആർടിസിയും ചേർന്നു. കുടുംബശ്രീ 4000കോടിയുടെ പാക്കേജുകൾ ഏറ്റെടുത്തു. അയൽക്കൂട്ടങ്ങൾക്ക് സഹായഹസ്തം പദ്ധതിയിലൂടെ 2000കോടി നൽകുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3bkY95b
Comments